മൻസൂർ അലി ഖാൻ

മൻസൂർ അലി ഖാനെതിരെ പൊലീസ് കേസെടുത്തു; തൃഷയോട് മാപ്പ് പറയാനില്ലെന്ന് നടൻ

ചെന്നൈ: നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സംഭവത്തിൽ ഇടപെട്ട ദേശീയ വനിത കമീഷൻ നടനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

അതേസമയം, വിഷയത്തിൽ മാപ്പ് പറയാനില്ലെന്നാണ് ചൊവ്വാഴ്ച മൻസൂർ അലി ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരസ്യമായി മാപ്പ് പറയാൻ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളുടെ സംഘടന തന്നോട് ആവശ്യപ്പെട്ടത് അവരുടെ ഭാഗത്തുനിന്നുള്ള അബദ്ധമാണ്. 'ബലാത്സംഗ സീൻ' എന്ന പ്രയോഗത്തെ യഥാർഥ ബലാത്സംഗമെന്ന് പരിഭാഷപ്പെടുത്തരുതെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

അടുത്തിടെ, നടി തൃഷയെ പരാമർശിച്ച് മൻസൂർ അലി ഖാൻ നടത്തിയ ലൈംഗികാധിക്ഷേപ പരാമർശമാണ് വ്യാപക വിമർശനം വിളിച്ചുവരുത്തിയത്. ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു.

പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തി. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നുമായിരുന്നു തൃഷയുടെ പരാമർശം. "എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്" - തൃഷ പറഞ്ഞു.

ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും തൃഷക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ, കലാകാരന്മാർ, പ്രൊഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Derogatory comments against Trisha: Mansoor Ali Khan booked by Chennai police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.