നടൻ ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും നടിയുമായ നസ്രിയ നാസിം. ഇൻസ്റ്റഗ്രാമിലൂടെയാണ് നസ്രിയ ഫഹദിന് ജന്ശംമദിനാശംസകൾ നേർന്നത്. എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആകാൻ ഇഷ്ടപ്പെടുന്നയാൾ എന്നാണ് നസ്രിയ ഫഹദിനെ വിശേഷിപ്പിച്ചത്. ഞാനറിയുന്ന ഏറ്റവും ദയയുള്ള മനുഷ്യനാണ് താങ്കൾ എന്നും കുറിപ്പിലുണ്ട്. 'എല്ലായ്‌പ്പോഴും ഔട്ട് ഓഫ് ഫോക്കസാകാൻ ഇഷ്ടപ്പെടുന്ന മനുഷ്യന് സന്തോഷ ജന്മദിനം. ഷാനു, നിങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാകട്ടെ. ഞാനറിയുന്ന ഏറ്റവും ദയയുള്ള മനുഷ്യനാണ് താങ്കൾ. സന്തോഷ ജന്മദിനം' - ഫഹദിെൻറ 39-ാം ജന്മദിനത്തിൽ നസ്രിയ കുറിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമ വ്യവസായത്തിൽ നിന്ന് ധാരാളം പേർ ഫഹദിന് ആശംസകൾ നേർന്നിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ വിക്രമിലെ ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ സ്പെഷൽ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്.
കമൽ ഹാസനും വിജയ് സേതുപതിക്കുമൊപ്പം ഫഹദും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. നരേയ്ൻ, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.
വിജയ് ചിത്രം 'മാസ്റ്റർ'ന്‍റെ സംവിധാനം നിർവഹിച്ച ലോകേഷ് കനകരാജാണ് വിക്രമിന്‍റെയും സംവിധായകൻ. അദ്ദേഹമാണ് ഫഹദിന്‍റെ 39ാം ജന്മദിനത്തിൽ ട്വിറ്ററിൽ പോസ്റ്റർ പങ്കുവെച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷെയ്ഡിൽ ഫഹദിൻറെ മുഖമാണ് പോസ്റ്ററിൽ.
കമൽ ഹാസനും ഫഹദിന് ആശംസകൾ നേർന്ന് രംഗത്തെത്തി. ഫഹദിന് ഐശ്വര്യ സമ്പൂർണമായ പിറന്നാൾ ആശംസകൾ എന്നായിരുന്നു കമലിന്‍റെ ട്വീറ്റ്.
വിക്രം ലൊക്കേഷനിൽ കമൽ ഹാസനൊപ്പം നിൽക്കുന്ന ചിത്രം ഫഹദ് നേരത്തേ പുറത്തുവിട്ടിരുന്നു. തെന്നിന്ത്യൻ സിനിമ പ്രേമികൾ ആകാംക്ഷയോടെ നോക്കുന്ന ചിത്രമാണ് വിക്രം. വൻതാരനിരയും അണിയറ പ്രവർത്തകരും അണിനിരക്കുന്ന ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
ആശംസകളുമായി 'പുഷ്പ'യും
ഫഹദിന് ആശംസകൾ നേർന്ന് പുഷ്പ അണിയറ പ്രവർത്തകരും രംഗത്തെത്തി. അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ പ്രതിനായകനായും രംഗത്തെത്തുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിന്‍റെ പോസ്റ്റർ ടീം പുറത്തുവിടുകയായിരുന്നു.
250 കോടി ചിലവിട്ടാണ് ചിത്രത്തിന്‍റെ നിർമാണം. രണ്ടു ഭാഗങ്ങളാണ് ചിത്രം പുറത്തിറങ്ങുക. ആദ്യഭാഗം ഒക്ടോബറിലും രണ്ടാംഭാഗം 2022ലും റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.