ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമാണ-വിതരണ രംഗങ്ങൾക്ക് പുറമെ സിനിമയുടെ മറ്റു മേഖലകളിലേക്കും ചുവടുവെക്കാൻ ഒരുങ്ങുന്നു. ആദ്യ പടിയായി കൊച്ചിയിലെ പുക്കാട്ടുപടിയിൽ നാൽപ്പതിനായിരം ചതുരശ്രയടി ചുറ്റളവിൽ സ്റ്റുഡിയോ ഫ്ളോർ ഒരുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
ഗോകുലം മൂവീസിന്റെ ബാനറിൽ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നത്. ഇന്ത്യയിൽ ആദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചെന്നൈയിൽ ഗോകുലത്തിന്റെ വലിയ സ്റ്റുഡിയോ ഫ്ളോർ നിലവിലുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള വൻകിട ചിത്രങ്ങൾക്ക് ഉപകരിക്കും വിധത്തിലാണ് കൊച്ചിയിലെ സ്റ്റുഡിയോ ഫ്ളോർ നിർമിക്കുന്നത്.
ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിന്റെ പ്രീ -പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ഏറ്റവും ആധുനിക മികവുകൾ ഉൾക്കൊള്ളുന്ന ആരി അലക്സ കാമറ വാങ്ങുകയും ഇതുപയോഗിച്ച് ഒരാഴ്ചയോളം നീണ്ട ടെസ്റ്റ് ചിത്രീകരണം കൊച്ചിയിൽ നടക്കുകയും ചെയ്തിരുന്നു.
ആധുനിക സാങ്കേതിക മികവോടെ, വൻ മുതൽ മുടക്കോടെയാണ് കടമറ്റത്ത് കത്തനാരെ അണിയിച്ചൊരുക്കുന്നതെന്ന് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കഷ്ണമൂർത്തിയും അറിയിച്ചു. സെറ്റ് രൂപകൽപ്പനക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർവഹിക്കുന്നത് രാജീവനാണ്.
മലയാളത്തിനു പുറമേ മറ്റുഭാഷ ചിത്രങ്ങളിലെ അഭിനേതാക്കളും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കും വിധത്തിൽ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.