ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഷാറൂഖ് ഖാൻ. ഒരു നീണ്ട ഇടവേളക്ക് ശേഷം നടൻ ബോളിവുഡിൽ തിരിച്ചെത്തിയിട്ടുണ്ട്. മടങ്ങി വരവിൽ നിരവധി റെക്കോർഡുകളും എസ്. ആർ.കെ തന്റെ പേരിലാക്കിയിട്ടുണ്ട്.
ഐ.എം.ഡി.ബി റിപ്പോർട്ട് പ്രകാരം ഈ വർഷം പുറത്തിറങ്ങിയ 10 ഇന്ത്യൻ ജനപ്രിയ ചിത്രങ്ങളിൽ ആദ്യ രണ്ട് ചിത്രങ്ങൾ ഷാറൂഖിന്റേതാണ്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം എസ്. ആർ.കെ പ്രധാനവേഷത്തിലെത്തിയ ജവാനും പത്താനുമാണ് ഐ.എം.ഡി.ബി പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡിൽ മാത്രമല്ല തെന്നന്ത്യൻ സിനിമ ലോകത്തും ഈ രണ്ട് ചിത്രങ്ങൾ ചർച്ചയായിരുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ 1,050.30 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. 300 കോടി ബജറ്റിൽ സെപ്റ്റംബറിൽ പുറത്തിറങ്ങിയ എസ്. ആർ.കെ യുടെ ജവാന്റെ കളക്ഷൻ 1,148 കോടിയാണ്. ഈ രണ്ട് ചിത്രങ്ങളും ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.
ഐ.എം.ഡി.ബി റിപ്പോർട്ട് പ്രകാരം മൂന്നാം സ്ഥാനത്ത് ആലിയ ഭട്ട്, രൺവീർ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ആന്റ് റാണി കി പ്രേം കഹാനിയാണ്. വിജയ് ചിത്രം ലിയോയാണ് നാലാം സ്ഥാനത്ത്. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറാണ് ഐ.എം.ഡി.ബി പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളാണിവ. രജനിയുടെ ജയിലർ 607 കോടിയാണ് ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. 620 കോടിയാണ് ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ ലിയോയുടെ തിയറ്റർ കളക്ഷൻ.
സണ്ണി ഡിയോളിന്റെ തിരിച്ചുവരവ് ചിത്രമായ ഗദർ 2, ദി കേരള സ്റ്റോറി, ടു ജൂതി മെയിൻ മക്കാർ, ഭോല തുടങ്ങിയ ചിത്രങ്ങളാണ് ഐ.എം.ഡി.ബി പട്ടികയിൽ അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.