എസ്.എസ് രാജമൗലി, രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവരുടെ സാന്നിധ്യത്തിൽ എം.എം കീരവാണിയും ചന്ദ്രബോസും ചേർന്ന് ഏറ്റവും മികച്ച ഗാനത്തിനുള്ള ഓസ്കർ മാറോടുചേർക്കുമ്പോൾ ദക്ഷിണേന്ത്യക്ക് അഭിമാനിക്കാനേറെ. പാശ്ചാത്യ സംഗീതത്തിലെ ഇതിഹാസ താരങ്ങളായ ലേഡി ഗാഗ, രിഹാന തുടങ്ങിയ വമ്പന്മാർ മത്സരിക്കാനുണ്ടായിരുന്ന വേദിയിലാണ് അവർക്കും മുകളിൽ ഇന്ത്യയുടെ സ്വന്തം ‘നാട്ടു നാട്ടു’ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നത്.
മികച്ച ഗാനത്തിനായുള്ള അങ്കത്തിൽ ലേഡി ഗാഗയുടെ ടോപ് ഗൺ: മാവറികിലെ ‘ഹോൾഡ് മൈ ഹാൻഡ്’’, രിഹാനയുടെ ബ്ലാക് പാന്തർ: വാകൻഡ ഫോറെവറിലെ ‘ലിഫ്റ്റ് മി അപ്’ എന്നിവയും എവരിതിങ് എവരിവേറിലെ ‘ദിസ് ഈസ് എ ലൈഫ്’, ടെൽ ഇറ്റ് ലൈക് എ വുമണിലെ ‘അേപ്ലാസ്’ എന്നിവയുമാണ് നാട്ടു നാട്ടുവിനെതിരെ ഉണ്ടായിരുന്നത്. എന്നാൽ, രാജ്യം കാത്തിരുന്ന സ്വപ്ന മുഹൂർത്തത്തിൽ കീരവാണി സംഗീതം നൽകിയ ചന്ദ്രബോസിന്റെ വരികൾ ആദരിക്കപ്പെടുകയായിരുന്നു.
മികച്ച ഡോക്യമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ദക്ഷിണേന്ത്യ ആദരമേറിയതിനു പിറകെയാണ് മികച്ച ഗാന പുരസ്കാരവുമെത്തുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഗോൾഡൻ ഗ്ലോബിലും ‘നാട്ടു നാട്ടു’ ഒന്നാമതെത്തിയിരുന്നു. ഓസ്കർ ചടങ്ങിൽ ലോറൻ ഗോട്ട്‍ലീബ് ചുവടുവെച്ച് രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്ന് ഗാനം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. അവതാരകയായി ദീപിക പദുകോൺ വേദിയിലെത്തിയ ചടങ്ങിൽ പേഴ്സിസ് ഖംബട്ട, പ്രിയങ്ക ചോപ്ര എന്നിവർ ചേർന്ന് പരിചയപ്പെടുത്തി.
വസ്ത്രാലങ്കാരത്തിൽ ഭാനു അതയ്യ, സംഗീത സംവിധായകൻ എ.ആർ റഹ്മാൻ, ഗാനരചനയിൽ ഗുൽസാർ, ശബ്ദമിശ്രണത്തിൽ റസൂൽ പൂക്കുട്ടി എന്നിവരും ഇതിഹാസ സംവിധായകൻ സത്യജിത് റായ് എന്നിവരും മുമ്പ് ഓസ്കർ നേടിയവരാണ്.
പഴയ ബ്രിട്ടീഷ് കാല ജീവിതം പങ്കുവെക്കുന്ന രാജമൗലിയുടെ ആർ.ആർ.ആർ ലോകം മുഴുക്കെ ആദരം നേടിയ സിനിമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.