ആറു വർഷം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കൊരു പ്രേമണ്ടാർസ്’ സിനിമയിലൂടെയാണ് ഭാവന ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടെയിന്റ്സുമായി ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൽ ഖാദർ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷറഫുദ്ദീനാണ് സിനിമയിലെ നായകൻ. ഫെബ്രുവരി 17ന് തിയേറ്റുകളിൽ എത്തിയ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിലെ നായികമാരിൽ ഏറ്റവും തിരക്കേറിയ ഒരാളായി മാറാൻ കഴിഞ്ഞ നടിയാണ് ഭാവന. ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളാൽ ആറു വർഷമായി സിനിമ ജീവിതത്തിന് ഇടവേള നൽകേണ്ടി വന്നു. എങ്കിലും എല്ലാ തടസ്സങ്ങളേയും തട്ടി മാറ്റി താൻ അതിജീവിതയാണെന്ന് ലോകത്തോട് ഉറക്കെ തുറന്നു പറഞ്ഞാണ് വീണ്ടും മലയാള സിനിമയിലേക്കുള്ള തന്റെ വരവറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റാരേക്കാളും ഭാവനയുടെ തിരിച്ചുവരവിന് മാറ്റ് കൂടും. കമോൺ കേരളയുടെ അഞ്ചാമത് എഡിഷന്റെ ഭാഗമാകാൻ എത്തിയ ഭാവന പ്രവാസികൾക്ക് മുമ്പിൽ മനസു തുറക്കുകയാണ് തുടക്കം
2000ത്തിൽ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ സിനിമയിലൂടെ 16ാമത്തെ വയസ്സിലാണ് മലയാള സിനിമ രംഗത്ത് കടന്നുവരുന്നത്. പരിമളം എന്ന ശക്തമായ കഥാപാത്രത്തിലൂടെ ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറാനായി. അതിന് നിരവധി അംഗീകാരങ്ങളം ലഭിച്ചു. ഇത് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അവസരങ്ങൾ ലഭിക്കാൻ സഹായിച്ചു.
ചെറിയ ഇടവേള വന്നെങ്കിലും മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ‘ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഹാർഡ് വർക്ക് ചെയ്യുന്നത് ഈ ഒരു സ്വീകാര്യതക്ക് വേണ്ടിയാണല്ലോ.ചത്രം കണ്ടവർ ഒക്കെ മികച്ച അഭിപ്രായം പറയുന്നത് കാണുമ്പോൾ സന്തോഷവും സ്നേഹവും തോന്നുന്നു.
മടങ്ങി വരവില്ലെന്ന് പൂർണമായും തീരുമാനിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക് എടുക്കാൻ തോന്നി. അഞ്ചു വർഷം കന്നട സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമ ആണ് എന്നെ നടിയാക്കിയത്.ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാൻ തന്നെയാണ് ഇഷ്ടവും കംഫർട്ടബ്ളും. പുതിയ ടീമിനൊപ്പം ഫ്രഷ് ആയിട്ട് കരിയർ റി സ്റ്റാർട്ട് ചെയ്യാം എന്ന് തോന്നി. ശരിക്കും പ്ലാൻ ചെയ്തൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട് ടൈമിൽ വന്നു ചേർന്നുവെന്ന് മാത്രം.
മലയാളം സിനിമ കുറച്ചു കൂടെ അറ്റാച്ച്ഡ് ആയി മാറിയിരികുന്നുവെന്ന് തോന്നുന്നു. ചെറുപ്പത്തില തന്നെ മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞ ആളാണ് ഞാൻ. ചെറുപ്പ കാലം മുഴുവൻ ഇവിടത്തെ ഷൂട്ടിങ് സെറ്റിൽ ആണ് ചെലവിട്ടത്. അതുകൊണ്ട് തന്നെ അതിന്റെ ഒരു അടുപ്പം ഇവിടെ എനിക്കുണ്ട്. മിക്കവരേയും വ്യക്തിപരമായി അറിയാം. ടെക്നീഷ്യൻസ് മുതൽ യൂനിറ്റ് അംഗങ്ങൾ പോലും കുടുംബത്തെ പോലെ ആണ്. കന്നഡയിൽ ഒക്കെ ശരിക്കും പ്രഫഷണൽ സ്പേസ് ആണ്. ജോലി ചെയ്യുന്നു തീർക്കുന്നു തിരിച്ചു മടങ്ങുന്നു. പക്ഷെ, എന്റെ സ്വഭാവ പ്രകൃതി കൊണ്ടാവാം എല്ലായിടത്തും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഐ.എഫ്.എഫ്.കെയിലെ സപോർട്ട് ഒരുപാട് ധൈര്യം പകർന്നു തന്നു. മാറി നിൽക്കണ്ട കാര്യം ഇല്ലെന്ന് തോന്നിത്തുടങ്ങിയ സമയം ആയിരുന്നു അത്. ബംഗളൂരുവിലാണ് ഭർത്താവിന്റെ വീട്. അമ്മ, ചേട്ടൻ, ഞങ്ങളുടെ പട്ടികുട്ടികൾ എല്ലാം നാട്ടിലാണ്. അവരെ മിസ് ചെയ്യുന്നുവെന്ന് തോന്നുമ്പോഴൊക്കെ നാട്ടിലേക്ക് എത്തും.
മരുമകൾ എന്ന രീതിയിൽ അല്ല, മകളായി തന്നെയാണ് കർണാടക എന്നെ കാണുന്നതും സ്നേഹിക്കുന്നതും. കന്നഡ സിനിമ നിർമാതാവ് നവീനുമായി 2017ൽ ആയിരുന്നു വിവാഹം. ഏറെ വിവാദങ്ങൾ ജീവിതത്തിലൂടെ കടന്നു പോകുന്ന വേളയിലായിരുന്നു നവീനുമായുള്ള വിവാഹം. തുടർന്നാണ് ബംഗളൂരുവിൽ സ്ഥിരതാമസമാക്കുന്നത്. മലയാള സിനിമിയിൽ നിന്ന് മാറി നിൽക്കുമ്പോഴും കന്നഡയിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയാവാൻ അതു വഴി സാധിച്ചു. തമിഴിൽ സൂപ്പർ ഹിറ്റായിരുന്ന 96 മൂവിയുടെ കന്നഡ പതിപ്പായ 99ലും നായികയായിരുന്നു.
പുതിയ കാലത്തിന്റെ തുടിപ്പറിയാനുള്ള ഏറ്റവും നല്ല ഉപാധിയെന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. അതിനൊപ്പം ഒരുപാട് സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്. മഞ്ജു വാര്യർ, സംയുക്ത വർ മൃദുല, രമ്യ നമ്പീശനുമെല്ലാം ഈ സൗഹൃദങ്ങളുടെ ഭാഗമാണ്.
അതേസമയം, സ്വകാര്യ കാര്യങ്ങൾ പ്രത്യേകിച്ച് സിനിമ താരങ്ങളുടെ ജീവിതത്തിലേക്ക് സോഷ്യൽ മീഡിയ ആഴ്ന്നിറങ്ങി പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്. നെഗറ്റീവ് കമന്റുകളും സൈബർ ആക്രമണവും ഉൾപ്പെടെ. സൈബർ ആക്രമണം എല്ലാ മേഖലയിൽ ഉള്ളവരും നേരിടുന്നുണ്ട്. ഇതൊരു നോർമൽ കാര്യമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വർക്കിനെ വിമർശിക്കുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ, വ്യക്തിപരമായി ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. പലരുടെയും സങ്കടങ്ങളും നിരാശകളും അവർ ഇങ്ങനെ ഒക്കെ ആകും തീർക്കുന്നത് എന്ന് തോന്നാറുണ്ട്.
മലയാള സിനിമ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമ സാങ്കേതികമായി ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഒരുപാട് ഒളിജിനൽ ആശയങ്ങൾ മലയാളത്തിൽ നമുക്ക് കാണാൻ സാധിക്കും. കേരളത്തിന് പുറത്തുള്ള സുഹൃത്തുക്കൾ നല്ല സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ ആദ്യം തെരഞ്ഞെടുക്കുന്നത് മലയാള സിനിമയാണ്.
നവീനുമായുള്ള കുടുംബ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ടു പോകുന്നു. നവീൻ ബിസിനസുമായി ബംഗളൂരുവിൽ സെറ്റിൽഡ് ആണിപ്പോൾ. എനിക്ക് ഷൂട്ട് ഇല്ലാത്തപ്പോൾ രണ്ട് പേരും കൂടി യാത്ര ചെയ്യാനാണ് ഇഷ്ടം. ഒരുമിച്ച് മൂവികൾ കാണും. ഒരു ചെറിയ ട്രിപ്പ് ഹോളിഡേ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്.
ഇന്ന് സിനിമ സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ ഡബ്ബിങ് സ്റ്റുഡിയോയിൽ റെകോഡ് ചെയ്യുന്നത് വരെ പെൺകുട്ടികൾ ആണ്. പുരുഷൻമാരെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഒരു പക്ഷെ കുറവാണെങ്കിലും മുൻകാലത്തെ അപേക്ഷിച്ച് സ്ത്രീ സാന്നിധ്യം വളരെ കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. വ്യക്തിപരമായി ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീകളും ട്രാൻസ്ജൻഡേഴ്സും എല്ലാ ജൻഡേഴ്സിലും ഉള്ളവർ അവരുടെ പാഷൻ ഫോളോ ചെയ്ത് അവർക്ക് സന്തോഷം നൽകുന്ന തൊഴിൽ മേഖല കണ്ടത്തട്ടെ.
മൂന്ന് മലയാളം സിനിമകൾ ഇപ്പോൾ ചെയ്തു കഴിഞ്ഞു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണി എന്ന മൂവിയിൽ ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്. ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. ഈ വർഷം മൂന്നു സിനിമികൾ എന്തായാലും റിലീസ് ആകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.