എന്തുകൊണ്ട് 'ആവേശം' എന്ന പേര്? 'രോമാഞ്ചം' ഇഷ്ടപ്പെടാത്തവര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടും -ജിത്തു മാധവൻ

 രോമാഞ്ചവും ആവേശവും തമ്മില്‍  ബന്ധമില്ലെന്ന് സംവിധായകൻ ജിത്തു മാധവൻ.  ഇതൊരു വ്യത്യസ്ത ചിത്രമായതിനാലാണ് 'ആവേശം' എന്ന  പേര്  ഇട്ടതെന്നും രോമാഞ്ചം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ പ്രീ-റിലീസ് പ്രസ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

'തന്റെ ആദ്യചിത്രമായ രോമാഞ്ചം യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം ഒഴിച്ച് മറ്റുള്ള കാര്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമായിരുന്നു. ആവേശം ഒരു സ്പിന്‍-ഓഫ് ചിത്രമല്ല. മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ് ആവേശം. രോമാഞ്ചം ഇഷ്ടപ്പെടാത്തവര്‍ക്കുപോലും ആവേശം ഇഷ്ടപ്പെടും.

രോമാഞ്ചത്തിന്റെ റിലീസിന് തൊട്ടുപിറകെതന്നെ ആവേശത്തിനായുള്ള തയാറെടുപ്പ് നടത്തിയിരുന്നു.രോമാഞ്ചം ഷൂട്ട് കഴിഞ്ഞ ഉടനെ അന്‍വര്‍ റഷീദിനെ വിളിച്ച് ആവേശത്തിന്റെ തിരക്കഥ പറഞ്ഞു. അതിഷ്ടപ്പെട്ട അദ്ദേഹം ചിത്രം നിർമിക്കാൻ തയാറാണെന്ന് അറിയിച്ചു.രോമാഞ്ചവും ആവേശവും തമ്മില്‍ ഒരു ബന്ധവുമില്ല'- ജിത്തു മാധവൻ പറഞ്ഞു.

സൂപ്പര്‍ ഹിറ്റുകളായ രോമാഞ്ചം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് ആവേശത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്. ആവേശം ഒരു ആവേശകരമായ പ്രോജക്റ്റാണെന്നും മികച്ചൊരു എന്റര്‍ടെയ്നറാണെന്നും വെളിപ്പെടുത്തി.'നല്ല ടെമ്പോ ഉള്ള ഗാനങ്ങളാണ് ആവേശത്തിലേത്. വിവിധസാഹചര്യങ്ങളിലുള്ള എട്ടുപാട്ടുകളാണ് ചിത്രത്തിലുള്ളത്, വ്യത്യസ്ത ഗായകരാണ് പാട്ട് പാടിയിരിക്കുന്നത്'- സുഷിൻ മാധ്യമങ്ങളോട് പറഞ്ഞു.

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഏപ്രിൽ 11 ആണ് തിയറ്ററുകളിലെത്തുന്നത്. രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആവേശത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ്ആവേശം നിര്‍മിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്.

Tags:    
News Summary - Jithu madhavan Oepns Up Aavesham and Romancham are two different Type Of movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.