ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോജി'ക്ക് അന്താരാഷ്ട്ര അംഗീകാരം. സ്വീഡൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി 'ജോജി' യെ തെരഞ്ഞെടുത്തു. ഇന്‍റർനാഷനൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം.
സ്വീഡനിൽ നിന്ന് സന്തോഷവാർത്ത എന്ന അടിക്കുറിപ്പോടെ പുരസ്കാര വിവരം ഫഹദ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രത്തിന്‍റെ നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസും സംവിധായകൻ ദിലീഷ് പോത്തനും വാർത്ത പങ്കുവെച്ചിട്ടുണ്ട്. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്.
ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായാണ് ജോജി പ്രേക്ഷകരിലേക്കെത്തിയത്. നിരൂപക പ്രശംസക്കൊപ്പം േദശീയ തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും സംവിധായകൻ ദിലീഷ് പോത്തനും ഒരുമിച്ച മൂന്നാമത്തെ ചിത്രമാണ് ജോജി.
ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വഹിച്ചിരിക്കുന്നത്. ഫഹദിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.