ഗുരുസ്ഥാനീയനായ ഒരാളെയാണ് കെ.ജി. ജോർജ് സാറിന്റെ മരണത്തോടെ എനിക്ക് നഷ്ടമാകുന്നത്. പുഞ്ചിരിയോടെ പ്രശ്നങ്ങളെ നേരിട്ട പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. മികച്ച സംവിധായകൻ എന്നതിനോടൊപ്പം മികച്ചൊരു വ്യക്തിത്വവും കൂടിയായിരുന്നു. ഞാൻ സിനിമ രംഗത്തേക്ക് കടന്നുവരുന്നതുതന്നെ അദ്ദേഹത്തെ പോലുള്ളവരെ കണ്ട് പഠിച്ചാണ്.
മലയാള സിനിമാരംഗത്ത് പുതിയ തരംഗമാണ് അദ്ദേഹം സൃഷ്ടിച്ചത്. സ്വപ്നാടനം എന്ന സിനിമ അതിനുദാഹരണമാണ്. തിയറ്റർ കലക്ഷൻ നോക്കിയല്ല, ആധുനികതയിലൂന്നിയാണ് സിനിമകളെടുത്തിരുന്നത്. ജനങ്ങളുമായി സംവദിക്കുന്നതാകണം സിനിമ എന്നതായിരുന്നു കാഴ്ചപ്പാട്. അക്കാലത്ത് അവാർഡ് സിനിമകൾ സ്വീകരിക്കുന്ന പതിവ് രീതികൾ വിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. താരം എന്ന നിലയിൽ മമ്മൂട്ടി ശ്രദ്ധേയനാകാൻ തുടങ്ങിയത് ജോർജിന്റെ സിനിമകളിലൂടെയാണ്.
മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ സിനിമകളിലൊന്നായിരുന്നു ആദാമിന്റെ വാരിയെല്ല്. മാക്ടയുടെ ആദ്യ ചെയർമാനെന്ന നിലയിൽ അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിച്ചു. രണ്ട് പതിറ്റാണ്ടോളമായി സിനിമരംഗത്ത് സജീവമല്ലെങ്കിലും ഇന്നും അദ്ദേഹത്തിന്റെ പ്രസക്തി നമ്മൾ തിരിച്ചറിയുകയാണ്. തീർച്ചയായും ഈ വേർപാട് വലിയൊരു ശൂന്യതയാണ് സിനിമ ലോകത്തിന് നൽകുന്നത്.
(തയ്യാറാക്കിയത്: ബീന അനിത)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.