പരീക്ഷണങ്ങളുടെ ഇഷ്ടക്കാരായ പുതുതലമുറയിലെ സിനിമാസ്വാദകർക്ക് സുപരിചിതനാണ് കെ.ജി. ജോർജ്. 80കളിൽ പതിവ് ചേരുവകളിൽനിന്ന് വഴിമാറി സഞ്ചരിച്ച് കാഴ്ചയുടെയും ആഖ്യാനത്തിന്റെയും പുത്തൻ രസച്ചരട് തീർത്ത ജോർജിന്റെ സിനിമകളെ അന്നത്തെ തലമുറക്ക് അത്ര പിടിച്ചില്ലെങ്കിലും, ഇന്ന് യുവാക്കളടക്കം ആ സിനിമകൾ വീണ്ടും വീണ്ടും കാണുന്നു. യൂട്യൂബിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട് അദ്ദേഹത്തിന്റെ ഓരോ സിനിമക്കും. കൂടുതൽ കാഴ്ചക്കാരും 25 -40 വയസ്സിനിടയിലുള്ളവർ. ഒട്ടേറെ സ്ത്രീപക്ഷ സിനിമകളുടെ സംവിധായകനായതിനാൽ വീട്ടമ്മമാരടക്കം കാഴ്ചക്കാരുടെ വലിയൊരു ലോകം ചുറ്റുമുണ്ടായിരുന്നു. മടുപ്പിക്കാത്ത അവതരണവും റിയലിസ്റ്റിക് സ്വഭാവവും ത്രില്ലർ അംശങ്ങളുമാണ് പുത്തൻതലമുറയെ ഈ സിനിമകളിലേക്ക് ആകർഷിക്കുന്നത്.
സാഹിത്യസംബന്ധമായ രീതികളിൽനിന്ന് അകന്നുനിന്ന് സിനിമ ചെയ്യുന്ന ന്യൂജെൻ ചലച്ചിത്ര പ്രവർത്തകർ പാഠപുസ്തകമായി കാണുന്നവയാണ് കെ.ജി. ജോർജിന്റെ ‘യവനിക’യും ‘ഇരകളും’ ഉൾപ്പെടെയുള്ളവ. 1985ൽ ഇറങ്ങിയ ‘ഇരകൾ’ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ മികവും മൂലം കാലഘട്ടത്തെ അതിജീവിക്കുന്ന ദൃശ്യാനുഭവമാണ്. ‘ഇരകളെ’ ‘ജോജി’യിലേക്ക് ദിലീഷ് പോത്തൻ പുനരാഖ്യാനം ചെയ്തപ്പോൾ പ്രേക്ഷകർക്ക് പെട്ടെന്ന് അതിന്റെ ഉൾക്കാമ്പിലേക്ക് ഇറങ്ങിച്ചെല്ലാനായത് അതിനാലാണ്.
കുറ്റാന്വേഷണ സ്വഭാവത്തിൽ വന്ന ഈ കണ്ണികൂടി (1990), കഥക്ക് പിന്നിൽ (1987), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് (1983), യവനിക (1982), ഇരകൾ (1985) എന്നീ സിനിമകളിലുള്ള പല രംഗങ്ങളും പുതിയ തലമുറ സംവിധായകർ അവരുടെ സിനിമകളിലേക്ക് ഭാവമാറ്റങ്ങളോടെ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യമനസ്സിൽ അന്തർലീനമായി കിടക്കുന്ന വയലൻസിനെ കൃത്യമായി അനാവരണം ചെയ്തവയായിരുന്നു അദ്ദേഹത്തിന്റെ പല സിനിമകളും.
ഒരുപാട് സാങ്കൽപികവും യഥാർഥവുമായ ജീവിതങ്ങളെ തിരശ്ശീലയിലൂടെ അനശ്വരനാക്കിയ കെ.ജി. ജോർജ് എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ ആദരവും സമർപ്പണവുമായിരുന്നു 81/2 ഇന്റർകട്ട്സ്; ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ് എന്ന ഡോക്യുമെൻററി. ഫ്രൈഡേ സിനിമയുടെ സംവിധായകൻ ലിജിൻ ജോസാണ് ഡോക്യൂമെന്ററിയുടെ ശിൽപി. നാലു വർഷമെടുത്ത് കെ.ജി. ജോർജിനെയും സിനിമകളെയും കുറിച്ച് പഠിച്ചും അറിഞ്ഞുമാണ് 1.49 മണിക്കൂറുള്ള ഡോക്യുമെൻററിയിലേക്ക് ആ പ്രതിഭാധനന്റെ ജീവിതത്തെ പകർത്തിവെക്കുന്നത്. എഴുത്തുകാരി ഷാഹിന കെ.റഫീഖ് തയാറാക്കിയ ഗവേഷണരേഖകളുടെ സഹായത്തോടെയായിരുന്നു ആ ശ്രമം.
ലോകസിനിമയിലെ അതികായരിലൊരാളും ഇഷ്ട സംവിധായകനുമായ ഫെഡ്രികോ ഫെല്ലിനിയുടെ സിനിമയായ 81/2 കണ്ടുകൊണ്ടിരിക്കുന്ന കെ.ജി. ജോർജിന്റെ ദൃശ്യത്തോടു കൂടിയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. എട്ട് പ്രധാന സിനിമകളെക്കുറിച്ചും ഒരൽപം ഭാഗം വ്യക്തിജീവിതത്തെക്കുറിച്ചും ഡോക്യുമെൻററിയിൽ പ്രതിപാദിക്കുന്നതുകൊണ്ടു കൂടിയാണ് ഇത്തരമൊരു പേര് നൽകിയതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ, ബാലു മഹേന്ദ്ര, ഷാജി എൻ.കരുൺ, മമ്മൂട്ടി, മേനക, ജലജ, ഗിരീഷ് കർണാട്, ഇന്നസെൻറ്, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ ജോർജിനോടുള്ള അടുപ്പവും അദ്ദേഹത്തിന്റെ പ്രതിഭയുടെ വിലയിരുത്തലും 81/2 ഇന്റർകട്ട്സിൽ കാണാം. വ്യക്തിജീവിതത്തെക്കുറിച്ചുള്ള സത്യസന്ധമായ തുറന്നുപറച്ചിലുകളും ഭാര്യ സൽമയുടെ വെളിപ്പെടുത്തലുകളുമാണ് ഡോക്യുമെൻററിയുടെ മറ്റൊരു പ്രധാന ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.