'മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം'; അടൂരിന് തുറന്ന കത്തുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ

അടൂർ ഗോപാലകൃഷ്ണന് തുറന്ന കത്തുമായി കോട്ടയം കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ എം.ജി ജ്യോതിഷിനെതിരെ അടൂർ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് വിദ്യാർഥികൾ എത്തിയിരിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ മികച്ച അഭിപ്രായമുള്ള അധ്യാപകനെ ഉഴപ്പൻ എന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇൻസ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് പുറംലോകത്തിന് കാട്ടി കൊടുത്തതിന് ഒരുപാട് നന്ദിയുണ്ടെന്ന് വിദ്യാർഥികൾ കത്തിൽ പറയുന്നു.

ഞങ്ങളുടെ അധ്യാപകൻ ശ്രീ. എം.ജി ജ്യോതിഷിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് അവയൊക്കെ എന്നറിഞ്ഞിട്ടും അത് ഉന്നയിക്കാൻ അങ്ങ് കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ മികച്ച അധ്യാപകരിൽ ഒരാളായ ജ്യോതിഷ് സാറിനെ ഉഴപ്പൻ എന്ന് ആരോപിച്ചതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് കേൾക്കുന്ന എല്ലാവർക്കും മനസിലാകും.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുവര്‍ഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ അധ്യാപനത്തിനെതിരെ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ല. മലയാള സിനിമയിലെ പല നടീ നടന്മാര്‍ക്കും പരിശീലനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ പ്രൊജക്ടുകള്‍ പോലും നേരിട്ട് കാണാത്ത താങ്കള്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ സാധ്യതയില്ല.


വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച അഭിപ്രായമുള്ള ഒരു അധ്യാപകനെ ഉഴപ്പന്‍ എന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇന്‍സ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുറം ലോകത്തിന് കാട്ടികൊടുത്തതില്‍ താങ്കളോട് ഒരു പാട് നന്ദി. അധ്യാപകന്‍ എത്ര മികച്ചതാണെങ്കിലും അയാള്‍ പിന്നക്ക സമുദായത്തില്‍ പെട്ടയാള്‍ ആണെങ്കില്‍ അയാള്‍ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത് അങ്ങയുടെ പേരില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം തന്നെയാണ് - കത്തില്‍ പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് അടൂരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

Tags:    
News Summary - K.R Narayanan Institute Students Open Letter To Adoor Gopalakrishnan For his Controversial Statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.