കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്ത ‘2018’ മലയാള ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ സിനിമയായി മാറിയിരുന്നു. 200 കോടിയോളമായിരുന്നു മൾട്ടി സ്റ്റാർ ചിത്രമായ 2018-ന്റെ ആകെ ബിസിനസ്. മോളിവുഡിൽ പുതിയ നാഴികക്കല്ല് സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റർ റിലീസിന് ശേഷം സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് നിരവധി ഓഫറുകളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ജൂഡിനെ സമീപിച്ചിരിക്കുകയാണ്.
ലൈക്ക പ്രൊഡക്ഷൻസിന്റ അമരക്കാരനായ സുബാസ്കരനാണ് പുതിയ അപ്ഡേറ്റുമായി രംഗത്തുവന്നിരിക്കുന്നത്. ജൂഡ് ആന്തണിയുടെ അടുത്ത സിനിമ തങ്ങൾ നിർമിക്കുന്ന കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ലൈക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തെ നിവിൻ പോളി തന്റെ അടുത്ത പടം ജൂഡിനൊപ്പമാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. അതായിരിക്കുമോ, ലൈക്കയുടെ നിർമാണത്തിൽ ഒരുങ്ങുന്നതെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് 2018-ൽ അഭിനയിച്ചിരിക്കുന്നത്.
മലയാളത്തിൽ ആദ്യമായി 150 കോടി ക്ലബ്ബിലും 200 കോടി ക്ലബ്ബിലും ഇടം നേടിയ ചിത്രമാണ് 2018. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്ത് മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. നിലവിൽ ഒടിടി സ്ട്രീമിങ്ങിലൂടെയും 2018 ഏറെ കാഴ്ചക്കാരെ സ്വന്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.