വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടെത്തുന്ന വിവാദ ചിത്രം 'ദ കേരള സ്റ്റോറി'ക്കെതിരെ രൂക്ഷ വിമർശനവുമായി നടി മാലാ പാർവതി. 'കേരള സ്‌റ്റോറി' എന്ന കഥ അവർ മെനയുന്നത് മലയാളികളെ ഉദ്ദേശിച്ചല്ല, ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറക്ക് വേണ്ടി അവർ ചരിത്രത്തെ നിർമിക്കുകയാണ്. നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്രകുത്തിയാൽ, കലാപം നടന്നാൽ, പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും -മാലാ പാർവതി പറഞ്ഞു.
'കേരള സ്‌റ്റോറി' എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമിക്കുകയാണ്. കമേഴ്സ്യൽ സിനിമയുണ്ടാക്കുന്ന പൊതുബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും. ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്.
കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്‍റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിന്‍റെ സത്യവും തിരിച്ചറിയുന്നവർ. ജാതിയും മതവും, ആ പ്രത്യേകതകളും, ഈ മണ്ണിന്‍റെ, നമ്മുടെ സ്വത്വത്തിന്‍റെ സവിശേഷതകളായി കാണുന്നവർ.
വെറുപ്പിന്‍റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ. വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!
പക്ഷേ ഉദ്ദേശ്യവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും! കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്രകുത്തിയാൽ, കലാപം നടന്നാൽ, പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, അസം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്നങ്ങൾ വാർത്ത അല്ലാതെയും ആകും -മാലാ പാർവതി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.