കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ സംഘ്പരിവാർ അജണ്ടകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് മലയാള സിനിമ ലോകവും. നടൻ പൃഥ്വിരാജ്, നടിയും സംവിധായികയുമായ ഗീതുമോഹൻ ദാസ്, സണ്ണിവെയ്ൻ, റിമ കല്ലിങ്ങൽ, ആൻറണി വർഗീസ് തുടങ്ങിയവർ ദ്വീപ് നിവാസികൾക്ക് പിന്തുണയുമായെത്തി.
''ഞാൻ മൂത്തോൻ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാൻ കണ്ടതിൽ വെച്ചേറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലവും മനോഹരമായ മനുഷ്യരുമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. അവരുടെ നിലവിളി നിരാശാജനകവും യാഥാർഥ്യവുമാണ്. കൂട്ടായി നമ്മുടെ അഭിപ്രായം അറിയിക്കുന്നതിനേക്കാൾ വലുതായി നമുക്കൊന്നും ചെയ്യാനില്ല. വികസനത്തിെൻറ പേരിൽ അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയും നിഷ്കളങ്കതയും തകിടം മറിക്കരുത്. ഇത് കേൾക്കേണ്ടവരുടെ ചെവിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'' -ഗീതുമോഹൻ ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
നടൻമാരായ ആൻറണി വർഗീസും സണ്ണിവെയ്നും 'സേവ് ലക്ഷദ്വീപ്' ടാഗ് പങ്കുവെച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. സണ്ണിവെയ്ൻ അഭിനയിച്ച 'മോസയിലെ കുതിര മീനുകൾ'ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു.
ലക്ഷദ്വീപിനായി രാഷ്ട്രപതിക്കയച്ച എളമരം കരീം എം.പിയുടെ കത്ത് പങ്കുവെച്ചായിരുന്നു റിമകല്ലിങ്കൽ ഐക്യദാർഢ്യം അറിയിച്ചത്.
നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ തെൻറ നിലപാട് അറിയിച്ചിരുന്നു.
''ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ആ നാട്ടുകാർ വലിയ ആശങ്കയിലാണ്. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. പുരോഗമനത്തിന്റെ പേര് പറഞ്ഞ് വർഷങ്ങളായി ജനങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന നാട്ടിൽ സമാധാനം തകർത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ ദ്വീപിന്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്ന നടപടികൾ എങ്ങിനെ സുസ്ഥിര വികസനമുണ്ടാക്കും. നമ്മുടെ സംവിധാനങ്ങളിൽ വിശ്വാസമുണ്ട്. എന്നാൽ അതിലേറെ വിശ്വാസം എനിക്ക് ജനങ്ങളിലാണ്. അധികൃതരുടെ പുതിയ നടപടികളിൽ ലക്ഷദ്വീപിലെ ജനങ്ങൾ ദുഃഖിതരാണ്. ആ മണ്ണിൽ ജീവിക്കുന്നവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ അധികൃതർ തയാറാകണം. അവരുടെ ഭൂമിയിൽ എന്താണ് വേണ്ടതെന്ന് അവർക്കാണ് നന്നായി അറിയുക. ഭൂമിയിലെ മനോഹരമായ നാടും നാട്ടുകാരുമാണ് ലക്ഷദ്വീപിലുള്ളത്'' -പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.