മഹാത്മ ‘അയ്യൻകാളി’യുടെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ ഒരു സിനിമ വരുന്നുവെന്ന വാർത്തയെത്തിയപ്പോൾ ആരായിരിക്കും നായകൻ എന്നതായിരുന്നു ആദ്യ ചോദ്യം. മമ്മൂട്ടിയെന്ന് അണിയറ പ്രവർത്തകർ സൂചന നൽകിയതോടെ ചില്ലറ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തി.
ഇപ്പോഴിതാ, എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സിനിമയുടെ സംവിധായകൻ തന്നെ രംഗത്തുവന്നിരിക്കുന്നു. അഭ്രപാളിയിൽ ചരിത്രപുരുഷനെ അവതരിപ്പിക്കുക മമ്മൂട്ടിതന്നെ! അംബേദ്കർക്ക് വെള്ളിത്തിരയിൽ ജീവൻനൽകിയ മമ്മൂട്ടിയല്ലാതെ മറ്റാരാണ് അയ്യൻകാളിയെ അവതരിപ്പിക്കുകയെന്ന് സോഷ്യൽ മീഡിയയും.
‘കതിരവൻ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അരുണ്‍രാജ് ആണ് സംവിധാനം. കാമറ ചലിപ്പിക്കുന്നതും അരുണ്‍ തന്നെ. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാൻഡ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിർമിക്കുന്നത്.
‘‘കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അതുസംബന്ധിച്ച് ഒരു സംശയവും വേണ്ട. മറ്റ് അനാവശ്യ ചര്‍ച്ചകളോട് എനിക്ക് താൽപര്യമില്ല. ഈ ചിത്രം സംബന്ധിച്ച് എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ കൈയേറ്റങ്ങള്‍ വരെ ഉണ്ടായി.
പക്ഷേ, ഇതിനോടൊന്നും എനിക്കിപ്പോള്‍ പ്രതികരിക്കാന്‍ താൽപര്യമേ ഇല്ല. ‘കതിരവന്‍’ ഒരുക്കുന്ന തിരക്കിലാണ്. ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. കതിരവന്റെ വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു.
ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പലതും മമ്മൂക്കക്കും പ്രയാസമുണ്ടാക്കിയേക്കാം. വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാന്‍ ചര്‍ച്ചകള്‍ക്കൊന്നും തയാറാവാത്തത്’’ -അരുണ്‍രാജ് പറഞ്ഞു. ദീർഘനാളത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.