നൻപകൽ പോയിട്ട് മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ അവാർഡിന് ഉണ്ടായിരുന്നില്ല;ജൂറി അംഗം എം.ബി.പദ്മകുമാർ

 ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ നടൻ റിഷഭ് ഷെട്ടിക്കൊപ്പം മമ്മൂട്ടിയുടെ പേരും ഉയർന്നു കേട്ടിരുന്നു. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും റിഷഭ് ഷെട്ടിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ കന്താരയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള 2022-ലെ ദേശീയപുരസ്‌കാരം ലഭിച്ചു.

നൻപകൽ നേരത്ത് മയക്കം , പുഴു പോലുള്ള മികച്ച ചിത്രങ്ങളുണ്ടായിട്ടും മമ്മൂട്ടിയെ പുരസ്കാരത്തിന് പരിഗണിച്ചില്ല എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ ദേശീയ അവാർഡിന് മമ്മൂട്ടി ചിത്രങ്ങൾ അയച്ചിട്ടില്ലെന്നാണ് സൗത്തിൽ നിന്നുള്ള ജൂറി അംഗവും സംവിധായകനുമായ എം.ബി.പദ്മകുമാർ പറയുന്നത്. മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹത്തിന് മാത്രമല്ല ഇതിലൂടെ മലയാളത്തിനും ഒരു വലിയ പുരസ്കാരം നഷ്ടമായെന്നും എം.ബി.പദ്മകുമാർ പറഞ്ഞു

'2022ലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചു. കുറച്ചുനാളായിട്ട് നമ്മളെല്ലാവരും കാതോർത്തിരിക്കുന്ന ഒരു പ്രഖ്യാപനം ആയിരുന്നു അത്. പല മാധ്യമങ്ങളും പ്രശസ്തമായ ദൃശ്യമാധ്യമങ്ങളും ഒക്കെ ഇതിനെക്കുറിച്ച് സജീവ ചർച്ചയിലായിരുന്നു. മമ്മൂട്ടി എത്ര മത്സരിച്ചാലും മമ്മൂട്ടിക്ക് അവാർഡ് കൊടുക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നിരുന്നു. ഇതൊക്കെ വായിച്ചപ്പോൾ ഇതിനെപ്പറ്റി രണ്ട് വാക്ക് പറയണമെന്ന് എനിക്ക്  തോന്നി. കാരണം ഈ കഴിഞ്ഞ അവാർഡ് കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു. സൗത്ത് ജൂറിയിൽ ഞാനും അംഗമായിരുന്നു. എന്റെ മുന്നിൽ സൗത്തിലെ എല്ലാ സിനിമകളും വന്നതാണ് ഞാൻ ആദ്യമായിട്ടാണ് ഒരു നാഷണൽ ജൂറി അംഗമായിട്ട് പോകുന്നത്.അതുകൊണ്ട് ഞാൻ വളരെ ഗൗരവത്തോടെയാണ് ഇതിനെ സമീപിച്ചത്. എനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും വിശ്വാസമുണ്ടെങ്കിലും സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ഓരോ സിനിമയും ആഴങ്ങളിൽ ആണ് സമീപിക്കുന്നത്.

സത്യത്തിൽ ഇങ്ങനെയൊക്കെ കമന്റുകൾ വരുമ്പോഴും എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ട്. 2022ലെ സൗത്തിൽ നിന്ന് അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. ഈ സിനിമകളിൽ എവിടെയും മമ്മൂട്ടി സാറിന്റെ ഒരു സിനിമ പോലും ഇല്ല എന്നുള്ളതാണ് സത്യം. അത് ഏറ്റവും വേദനയുള്ള ഒരു കാര്യവുമാണ്. നന്പകൾ നേരത്ത് മയക്കം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമ വളരെ ഗംഭീരമായിരുന്നു. വളരെ സൂക്ഷ്മതലത്തിൽ ഒരു കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. എന്നാൽ നന്പകൾ നേരത്ത് മയക്കം പോയിട്ട് അദ്ദേഹം അഭിനയിച്ച ഒരു സിനിമ പോലും നാഷണൽ അവാർഡിലേക്ക് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാത്തത്. ഞാനവിടെ ജൂറിയായിരുന്നതാണ് അതുകൊണ്ട് പറയുകയാണ് അവിടെ രാഷ്ട്രീയത്തിന്റെയോ സർക്കാരിന്റെയോ ഒരു ഇടപെടലും ഇല്ലായിരുന്നു എന്നത് ഞാൻ നേരിട്ട് കണ്ടതാണ്. ഇതിൽ ഇടപെടൽ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ ഭാഗത്തുനിന്ന് അല്ല പുറത്തുനിന്ന് തന്നെയായിരിക്കും. ഇതിന്റെ പിന്നിൽ ആര് പ്രവർത്തിച്ചാലും ഇത്രയും വലിയൊരു സിനിമ നാഷണൽ അവാർഡിലേക്ക് അയക്കാതിരുന്നത് ആരുടെ ഒക്കെ ചിന്തയായാലും അത് വളരെ മോശം കാര്യമാണ്. അത്തരം ചിന്തകളെ നമ്മൾ വളരെ മോശം ഗൗരവത്തോടെ കാണണം കാരണം എന്തായാലും ഇത് അയക്കാതിരുന്നത് മലയാളത്തിന് വലിയൊരു നഷ്ടമാണ് വരുത്തിയത്. മമ്മൂട്ടി എന്ന നടന് മാത്രമല്ല മലയാളത്തിനു തന്നെ വലിയൊരു അവാർഡ് ആണ് നഷ്ടമായത് എന്നാണ് എനിക്ക് പറയാനുള്ളത്'- എം.ബി.പദ്മകുമാർ ഒരു മാധ്യമത്തിനോട് പറഞ്ഞു.

Tags:    
News Summary - Mammootty Films Are not Sent To National Film Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.