സിനിമയോടുള്ള തന്റെ ആഗ്രഹവും താൽപര്യവും ഒരിക്കലും അവസാനിക്കില്ലെന്ന് നടൻ മമ്മൂട്ടി. ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്നും സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലാണ് സിനിമയോടുള്ള അടങ്ങാത്ത താൽപര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
പല അഭിനേതാക്കളും സിനിമയിൽ ഒരു ഘട്ടം കഴിയുമ്പോൾ 'മതി, എല്ലാം ചെയ്തു. ഇനിയില്ല' എന്നു പറയാറുണ്ട്. എന്നാൽ മമ്മൂട്ടി ഒരിക്കലും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടതെന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ജനങ്ങൾ എത്രനാൾ എന്നെ ഓർക്കും. ഒരു 10, 15 വർഷം, അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥൻമാർ പോലും വളരെ കുറച്ചു മനുഷ്യരിലാണ് ഓർമ്മിക്കപ്പെടാറുള്ളത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമിക്കപ്പെടുമെന്നാണ്. എന്നാൽ അങ്ങനെ ഉണ്ടാകില്ല'- മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകൾ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. സിനിമ ഉള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടനെ ഓർമിക്കുമെന്നാണ് ആരാധകർ പറയുന്നത്. ടർബോയാണ് മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.