മമ്മൂട്ടി പൊലീസായാൽ ആ ഗെറ്റപ്പ് ഒന്നു വേറെത്തന്നെയാണ്. ആകാര സൗഷ്ഠവവും ശബ്ദഗാംഭീര്യവും എടുപ്പും നടപ്പുമെല്ലാം ചേർന്നാൽ മലയാളത്തിൽ പൊലീസ് എന്നതിന്റെ വാർപ്പുമാതൃകയായി മമ്മൂട്ടിയെന്ന നടൻ മാറിയത് സ്വഭാവികം. കാക്കിയണിഞ്ഞെത്തിയപ്പോഴൊക്കെ അഭ്രപാളികളിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചവയാണ് മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളിലേറെയും. 400 ലേറെ സിനിമകളിൽ വേഷമിട്ട മലയാളത്തിന്റെ മഹാനടൻ, പൊലീസുകാരന്റെ ഭാവഹാവാദികളിലേക്ക് വേഷപ്പകർച്ച നടത്തിയത് 35 സിനിമകളിലാണ്. ഓരോ സിനിമയിലെ പൊലീസ് വേഷവും വേറിട്ടതും വ്യത്യസ്തവുമാവാൻ ബദ്ധശ്രദ്ധനായിരുന്ന മമ്മൂട്ടിയുടെ അഭിനയമികവിലൂടെയാണ് അവയോരോന്നും മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടതും.
ഛായാഗ്രാഹകൻ ജോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിൽ എ.എസ്.ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 28ന് റിലീസായ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പൊലീസ് കഥാപാത്രങ്ങളിലൊന്നായി എ.എസ്.ഐ ജോർജ് മാർട്ടിനും മാറിയത് സ്വാഭാവികം.
മമ്മൂട്ടിയുടെ സിനിമാ ജീവിതം മാറ്റിമറിച്ച സംവിധായകരിൽ ഒരാളാണ് കെ.ജി ജോർജ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള, മറ്റൊരാൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളാണ് കെ.ജി ജോർജ് മമ്മൂട്ടിക്ക് സമ്മാനിച്ചത്. 1982ൽ പുറത്തിറങ്ങിയ യവനികയിൽ സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിച്ചത്. പൊലീസ് കുപ്പായത്തിൽ താരത്തിന്റെ തകർപ്പൻ അരങ്ങേറ്റം കൂടിയായിരുന്നു അത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ കേസന്വേഷണചിത്രമെന്നാണ് യവനിക അറിയപ്പെടുന്നത്. ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് യവനികയിലെ കഥ വികസിക്കുന്നത്.
ഇതിൽനിന്ന് പ്രചോദിതമായി ആ വർഷം പുറത്തിറങ്ങിയ ‘ജോൺ ജാഫർ ജനാർദനൻ’, ‘ആ ദിവസം’ എന്നീ സിനിമകളിലും മമ്മൂട്ടിക്ക് പൊലീസ് വേഷമായിരുന്നു. എന്നാൽ, നായക പരിവേഷത്തിന്റെ അതിപ്രസരമൊരുക്കിയ കഥാപാത്രങ്ങൾക്ക് പുതുമ നൽകുന്നതിൽ ഇരുസിനിമയുടെയും സംവിധായകർക്ക് വിജയിക്കാനായില്ല.
ഭരതൻ സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’. റഹ്‌മാൻ, മധു, മമ്മൂട്ടി, ശോഭന, കെ.ആർ. വിജയ, നെടുമുടി വേണു, ഭാഗ്യലക്ഷ്മി, ലളിതശ്രീ, നഹാസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ഒരുപാട് ലയറുകൾ പ്രതിഫലിപ്പിക്കുന്ന ബാലഗോപാലൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. 1984 ൽ പുറത്തിറങ്ങിയ ‘ഇടവേളക്ക് ശേഷം’, ‘പറയാനുംവയ്യ പറയാതിരിക്കാനും വയ്യ’, 1986ൽ റിലീസായ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’, ‘നന്ദി വീണ്ടും വരിക’ തുടങ്ങിയ ചിത്രങ്ങളെല്ലാം മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളിൽ കൈയടി നേടിയവയാണ്.
ബൽറാം വരുന്നു
1986ൽ കരുത്തും ശൗര്യവും ആവാഹിച്ച് സി.ഐ ബൽറാം അവതരിച്ചതോടെ പതിവുകഥയെല്ലാം മാറി. ഐ.വി. ശശി സംവിധാനം ചെയ്ത ആവനാഴിയിൽ പൊലീസ് കുപ്പായമിട്ട് മമ്മൂട്ടി തകർത്താടുകയായിരുന്നു. സി.ഐ ബൽറാമിന് വ്യാപകമായ അംഗീകാരം ലഭിച്ചത് മമ്മൂട്ടിയെന്ന നടന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചു. അടിയുറച്ച ഒരുപാട് ആരാധകവൃന്ദത്തെയാണ് ബൽറാമിലൂടെ മമ്മൂട്ടി നേടിയെടുത്തത്.
പൗരുഷത്തിന്റെ പ്രതിരൂപമായ ബൽറാം വ്യക്തിപരമായ തിരിച്ചടികൾക്കിടയിലും കേസന്വേഷണത്തിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകാൻ ഒരുക്കമുള്ള സത്യസന്ധനായ ഉദ്യേഗസ്ഥനായാണ് അവതരിച്ചത്. അഭൂതപൂർവമായ ഈ വിജയത്തിന്റെ തുടർച്ചയായി ആ കഥാപാത്രത്തിന്റെ പേരുതന്നെ ചാർത്തിക്കൊടുത്ത് 1991ൽ ‘ഇൻസ്പെക്ടർ ബൽറാം’ എന്ന രണ്ടാം ഭാഗമെത്തി. പ്രേക്ഷകർ ഈ സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ചു. പൊലീസ് കാരക്ടറുകൾക്ക് ബൽറാം പുതിയ ആർക്കിടൈപ്പ് ഒരുക്കുകയായിരുന്നു.
മലയാളത്തിന്റെ കുറ്റാന്വേഷണ സിനിമകളുടെ ഗതിതന്നെ നിർണയിച്ച കഥാപാത്രമായിരുന്നു സേതുരാമയ്യർ സി.ബി.ഐ. കെ. മധു സംവിധാനം ചെയ്ത ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പി’ൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മലയാള സിനിമയിൽ ഒരു തരംഗത്തിന് തുടക്കമിടുകയായിരുന്നു. 1988ൽ പുറത്തിറങ്ങിയ സി.ബി.ഐ ഡയറിക്കുറിപ്പിനു പിന്നാലെ ‘ജാഗ്രത’, ‘സേതുരാമയ്യർ സി.ബി.ഐ’, ‘നേരറിയാൻ സി.ബി.ഐ’, ഏറ്റവും ഒടുവിൽ എത്തിയ ‘സി.ബി.ഐ-5’ തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
പൊലീസ് വേഷങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പ് വഴക്കങ്ങളെയെല്ലാം സേതുരാമ അയ്യർ തകർത്തു. പൗരുഷ ഭാവങ്ങളുടെ അതിപ്രസരത്തെ ഉയർത്തിക്കാട്ടിയുള്ള ആക്ഷനുകളിൽ അഭിരമിക്കുന്ന പതിവു പൊലീസ് രീതികളിൽനിന്നുമാറി സേതുരാമയ്യർ ബുദ്ധികൂർമതയുടെയും അന്വേഷണ വൈദഗ്ധ്യത്തിന്റെയും ആഘോഷമാണൊരുക്കിയത്. എസ്.എൻ. സ്വാമിയുടെ തിരക്കഥകൾ അതിന് അങ്ങേയറ്റം പര്യാപ്തമായ ചിട്ടവട്ടങ്ങളൊരുക്കി. ഭാവിയിലെ അന്വേഷക കഥാപാത്രങ്ങൾക്ക് സേതുരാമയ്യർ അസാധാരണമായൊരു നിലവാരം മുന്നോട്ടുവെക്കുകയായിരുന്നു.
ആഗസ്റ്റ് ഒന്ന് എന്ന സിനിമയിലെ സി.ബി-സി.ഐ.ഡി ഡി.എസ്.പിയായ പെരുമാൾ എന്ന പൊലീസുകാരനും വേറിട്ടുനിന്നു. തിരക്കഥ വീണ്ടും എസ്.എൻ. സ്വാമിയുടേത് തന്നെയായിരുന്നു. സേതുരാമ അയ്യരേക്കാൾ ഹീറോയിസം പ്രകടിപ്പിച്ച കഥാപാത്രമായിരുന്നു പെരുമാൾ. പി. പത്മരാജൻ എഴുതി ജോഷി സംവിധാനം ചെയ്ത ‘ഈ തണുത്ത വെളുപ്പാൻ കാല’ത്തിലെ മമ്മൂട്ടിയുടെ എസ്.പി ഹരിദാസ് ദാമോദരൻ എന്ന കഥാപാത്രത്തിനുശേഷം പൊലീസ് വേഷങ്ങളെ വലിയൊരളവിൽ മാറ്റിപ്പണിയുകയായിരുന്നു കാലം. 1998ൽ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ ദി ട്രൂത്ത്, തൊട്ടടുത്ത വർഷം കെ. മധുവിന്റെ ദ ഗോഡ്മാൻ, വിനയന്റെ രാക്ഷസ രാജാവ് എന്നിവയിൽ മമ്മൂട്ടിയുടെ പൊലീസ് വേഷത്തിന് ചടുലതയേറെയായിരുന്നു. 2004ൽ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ബ്ലാക്കിൽ ഗുണ്ടയായി മാറിയ പൊലീസുകാരനായാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ഐ.വി. ശശിയുടെ ബൽറാം vs താരാദാസ് എന്ന സിനിമ ആവനാഴിയിലെ പൊലീസും അതിരാത്രത്തിലെ കള്ളനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയായിരുന്നു. രഞ്ജി പണിക്കരുടെ രണ്ടാമത്തെ സംവിധാന സംരംഭമായ രൗദ്രവും പതിവു പൊലീസ് ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നുള്ള കഥാപാത്രമാണ് മമ്മൂട്ടിക്ക് സമ്മാനിച്ചത്. വലിയൊരളവിൽ ഇവയ്ക്ക് സ്വീകാര്യത നേടിയെടുക്കാനായില്ല.
അടുത്ത പൊലീസ് വേഷം പക്ഷേ, വേറിട്ട ഒന്നായിരുന്നു. ആഷിഖ് അബുവിന്റെ ‘ഡാഡി കൂളി’ൽ ടിപ്പിക്കൽ പൊലീസ് വേഷങ്ങളുടെ എതിർവശത്തായിരുന്നു മമ്മൂട്ടി. മടിയനും കഴിവുകെട്ടവനുമൊക്കെയായ സി.ഐ ആന്റണി സൈമൺ വേറിട്ട പരീക്ഷണമായിരുന്നുവെങ്കിലും ബോക്സോഫീസിൽ കാര്യമായ തരംഗമുണ്ടാക്കിയില്ല. പിന്നാലെയെത്തിയ ആഗസ്റ്റ് 15 (2011), ദ ട്രെയിൻ (2011), ഫേസ് ടു ഫേസ് (2012) എന്നീ ക്രൈം/ഇൻവെസ്റ്റിഗേറ്റിവ് ഡ്രാമകൾക്കും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞില്ല.
നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബയും അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസും സൂപ്പർ സ്റ്റാറിന്റെ തട്ടുപൊളിപ്പൻ പൊലീസ് കഥാപാത്രങ്ങളാൽ ബോക്സോഫീസിൽ വൻ വിജയമായി. എന്നാൽ, സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ ഉൾപ്പെടെ ഏറെ വിവാദങ്ങൾക്ക് കസബ വഴിയൊരുക്കി. സ്ട്രീറ്റ് ലൈറ്റിലെ പൊലീസ് വേഷത്തിനു പിന്നാലെ അബ്രഹാമിന്റെ സന്തതികളിലെ എ.എസ്.പി ഡെറിക് അബ്രഹാം, 2023ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫറിലെ ക്രിസ്റ്റി ആന്റണി ഐ.പി.എസ് എന്ന കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ, ഇതിനിടയിൽ പുതിയ കാലത്തെ പൊലീസുകാരെ തന്മയത്വത്തോടെ വരച്ചുകാട്ടുന്ന വേഷങ്ങളുമായി മമ്മൂട്ടി അവതരിക്കുകയായിരുന്നു. സങ്കീർണവും വൈവിധ്യവുമായ തലങ്ങളിലൂടെ കടന്നുപോകുമ്പോഴും അരക്ഷിതത്വങ്ങളെയും പ്രലോഭനീയതയെയുമൊക്കെ ക്ഷമാപണങ്ങളില്ലാതെ വരച്ചുകാട്ടുന്ന പുതിയ മുഖം പ്രേക്ഷകർ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. ഖാലിദ് റഹ്മാന്റെ മോഡേൺ ക്ലാസിക്കായ ‘ഉണ്ട’ ആ ട്രെൻഡിന് തുടക്കമിട്ടു. കഴിഞ്ഞ ദശാബ്ധത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ഉണ്ടയിലെ എസ്.ഐ സോമൻ ആക്ടർ സ്റ്റാർഡമിന്റെ ഗ്ലാമറസ് കെണികളിൽ കുരുങ്ങാത്ത ഒരു സാധാരണ മനുഷ്യനായിരുന്നു. യൂനിഫോമിനെ സ്നേഹിക്കുന്ന ഒരു ടിപ്പിക്കൽ മധ്യവയസ്കൻ.
രത്തീനയുടെ ‘പുഴു’ ആണ് പിന്നീട് വന്നത്. ആധികാരികമായൊരു പൊലീസ് കാരക്ടർ. 80കളിലെയും തൊണ്ണൂറുകളിലെയും പൊലീസ് വേഷങ്ങളിൽനിന്ന് പ്രചോദനമുൾക്കൊള്ളുകയും എന്നാൽ, ഗ്ലോറിഫൈ ചെയ്യപ്പെടാത്ത യാഥാർഥ്യബോധത്തിന്റെ അരികുപറ്റി നടക്കുകയും ചെയ്യുന്ന കഥാപാത്രം. ഏറ്റവുമൊടുവിൽ കണ്ണൂർ സ്ക്വാഡിലെ എ.എസ്.ഐ ജോർജ് മാർട്ടിനും. പരിവേഷങ്ങളിൽനിന്നകന്ന്, കണ്ടുപരിചയിച്ച സാദാ പൊലീസുകാരന്റെ മാനറിസങ്ങളെ തന്മയത്വത്തോടെ സ്വാംശീകരിച്ചുവെന്നതാണ് കരിയറിന്റെ ഈ വേളയിലും പൊലീസ് കുപ്പായമിട്ട് മമ്മൂട്ടി കൈയടി നേടുന്നതിനു പിന്നിലെ രഹസ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.