മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സിനിമ ചെയ്യുന്നതായി റിപ്പോർട്ട്. ഇരു താരങ്ങളും 11 വർഷങ്ങൾക്ക് ശേഷമായിരിക്കും സ്ക്രീനിൽ ഒന്നിച്ചെത്തുക. മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കാൻ കെൽപുള്ള ചിത്രം ശ്രീലങ്കയിൽ ചിത്രീകരിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ നിർമാണം മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക. സിനിമയുടെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
സിനിമയുടെ പ്രധാന ലൊക്കേഷനായ ശ്രീലങ്കയിൽ. 30 ദിവസത്തോളമായിരിക്കും ചിത്രീകരണം നടക്കുക. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫ്, നിർമാതാവ് സിവി സാരഥി, എം.പി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും ഭാഗമായിരുന്നു. ശ്രീലങ്കയ്ക്ക് പുറമെ കേരളത്തിലും ഡൽഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും എന്നാണ് റിപ്പോർട്ട്.
കുറച്ചുനാൾ മുമ്പ് ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ചേർന്ന് സിനിമ നിർമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 'മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്' എന്ന ക്യാപ്ഷനോടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.