അഞ്ച് പതിറ്റാണ്ടുകാലം ഒന്നിച്ച് അഭിനയിച്ച നെടുമുടി വേണുവിനെകുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി നടൻ മോഹൻലാൽ. മലയാളികൾ നെഞ്ചോടുചേർത്ത നിരവധി വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിച്ച നടന ജോഡിയായിരുന്നു മോഹൻലാലും നെടുമുടി വേണുവും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ തനിക്കെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
'അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിെൻറ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിെൻറ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എെൻറ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിെൻറ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല'- തെൻറ ഒൗദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ നടൻ പറഞ്ഞു.
"എെൻറ ആദ്യത്തെ സിനിമ പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ ഹീറോ ആയിരുന്നു വേണുച്ചേട്ടൻ. അദ്ദേഹത്തിെൻറ അവസാന സിനിമയും ചെയ്യാൻ ഭാഗ്യം എനിക്കുണ്ടായി. നെറ്റ് ഫ്ലിക്സ് വഴി റിലീസ് ചെയ്ത സമ്മർ ഓഫ് 92. ഇത് രണ്ടും എന്നെ സംബന്ധിച്ച് വലിയൊരു നിമിത്തമാണ്. ഞങ്ങൾ രണ്ടുപേരും കുട്ടനാട്ടുകാരാണ്. അതിനൊക്കെ പുറമെ എന്നെ സംബന്ധിച്ച് ഒരു വല്യേട്ടനാണ് വേണുച്ചേട്ടൻ. വേണുച്ചേട്ടനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത സംവിധായകൻ ഞാനാണ്. 31 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. പലപ്പോഴും ഇതേപ്പറ്റി പുള്ളി എന്നോട് ചോദിച്ചിട്ടുണ്ട്. എങ്ങനെ നീയെന്നെ 31 സിനിമകളിൽ സഹിച്ചെന്ന്. അതെല്ലാം ഞാൻ ആസ്വദിച്ചിട്ടേയുള്ളൂ.
അഭിനയിക്കുക, അഭിനയത്തോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുക. മറ്റൊരു താൽപര്യങ്ങളും അദ്ദേഹത്തിനില്ല. സിനിമ നല്ലതായാലും ചീത്തയായാലും എത്ര നല്ല കഥാപാത്രമായാലും മോശമായ കഥാപാത്രമായാലും തെൻറതായ വ്യക്തിമുദ്ര അതിൽ പതിപ്പിക്കുകയെന്നൊരു തീരുമാനം ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിെൻറ വിയോഗം എന്നെ സംബന്ധിച്ച് വളരെ വലിയൊരു നഷ്ടമാണ്. വലിയൊരു പ്രചോദനമായിരുന്നു എനിക്ക് വേണുച്ചേട്ടൻ. നഷ്ടമായത് സ്വന്തം ജ്യേഷ്ഠനെ തന്നെയാണ്"- പ്രിയദർശൻ
"ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. നെടുമുടിയുടെ കടുത്ത ആരാധകനാണ് ഞാൻ. നടൻ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തിൽ അദ്ദേഹം അഭിനയിക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചത്. വേണുവിനെപ്പോലെ ഒരു കലാകാരൻ അപൂർവമാണ്. ആ അപൂർവതയുടെ വിടവ് നമുക്കെന്നും അനുഭവപ്പെടും. എഴുത്തുകാർ, സംവിധായകർ, എന്നെപ്പോലെയുള്ള ആരാധകർ എല്ലാവരും വേണുവിനെ എന്നും ഓർക്കും. വേണുവിനുവേണ്ടി എഴുതാനുള്ള കഥകൾ എെൻറയുള്ളിൽ ഉണ്ടായിരുന്നു. വേണുവിനെപ്പോലെ പ്രതിഭയാണെന്ന് പറയുന്ന ഒരു കലാകാരനെ നമുക്കിനി കിട്ടണം. അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോൾ ഒരുപാട് സംസാരിക്കാൻ കഴിഞ്ഞു. എെൻറ സ്‌നേഹം അറിയിക്കാൻ സമയം കിട്ടി. അതിന് ഞാനെന്നും നന്ദി പറയുന്നു"- കമലഹാസൻ
73ാം വയസിലായിരുന്നു നടൻ നെടുമുടി വേണു അന്തരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയിലെത്തിച്ചു. സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്.ആലപ്പുഴയിലെ നെടുമുടിയിൽ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ് വേണു ജനിച്ചത്. നെടുമുടിയിലെ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.
ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. മൃദംഗം വായനക്കാരൻ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയിൽ എത്തിയത്.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പൂരം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചു.
'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തിലെ അഭിനത്തിന് 1990ലെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003ൽ 'മാര്‍ഗം' എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഭരതന്‍റെ 'ഒരു മിന്നാമിനുങ്ങിന്‍റെ നുറങ്ങുവട്ടം', 'മാർഗം' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.
2007ലെ സിംബാബ് വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'സൈറ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരവും കിട്ടി. 'അവസ്ഥാന്തരങ്ങൾ' എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, സത്യൻ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂർ പുരസ്കാരം, കാലരത്നം പുരസ്കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടി.ആർ. സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.