രൺബീർ കപൂർ- സായ് പല്ലവി ചിത്രം 'രാമായണ' പ്രതിസന്ധിയിൽ; ചിത്രീകരണം നിർത്തിവെച്ചു

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് രൺബീർ കപൂർ- സായ് പല്ലവി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'രാമായണ'. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനായി രൺബീറും സീത‍യായി സായ് പല്ലവിയും എത്തുന്ന സിനിമയുടെ ചിത്രീകരണം താൽകാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സിനിമയുടെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചത്. പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ആദ്യ ഘട്ടത്തിലെ നിർമാതാവായിരുന്ന മധു മണ്ടേന ചിത്രത്തിൽ നിന്ന് പിൻമാറിയിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാത്തതിനെ തുടർന്നാണ് നിയമ നടപടികൾ നേരിട്ടതെന്നാണ് വിവരം.

നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരുകയാണെന്നും നിയമപ്രതിസന്ധികൾ പരിഹരിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളൂവെന്നും സിനിമയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് പുനരാരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

സിനിമയുടെ ചിത്രീകരണം താൽക്കാലികമായിട്ടാണ് നിർത്തിവെച്ചിരിക്കുന്നതെന്നും പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വര്‍ഷാവസാനം സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ലവ് ആന്റ് വാറിനായി രണ്‍ബീര്‍ കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഈ ചിത്രങ്ങളെ ബാധിച്ചേക്കും എന്നാണ് വിവരം.

850 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്. എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡി.എൻ.ഇ.ജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്.

സായി പല്ലവി, രൺബീർ കപൂർ ,യഷ് എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാവണനായിട്ടാണ് യഷ് എത്തുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.

Tags:    
News Summary - More troubles! Ranbir Kapoor, Sai Pallavi’s movie shooting stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.