തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. കമൽഹാസന്റെ വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാസങ്ങൾക്ക് മുമ്പ് സിനിമയുടെതായി പുറത്തിറങ്ങിയ 'നാ റെഡി...' എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഗാനരംഗത്തിനെതിരെ സെൻസർ ബോർഡ് രംഗത്ത് എത്തിയിരിക്കുകയാണ്. മദ്യപാനത്തേയും പുകവലിയേയും കുറിച്ചുള്ള വരികളും ഗാനത്തിൽ വിജയ് പുകവലിക്കുന്ന രംഗങ്ങളും ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്.
ലിയോയിലെ 'നാ റെഡി...' എന്ന ഗാനത്തിലെ വരികൾ യുവാക്കളിൽ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു എന്നുള്ള അത്തൈത്തു മക്കൾ അരസിയൽ കക്ഷി പ്രസിഡന്റ് രാജേശ്വരി പ്രിയയയുടെ പരാതിയെ തുടർന്നാണ് സെൻസർ ബോഡിന്റെ നടപടി. പാട്ടിൽ നിന്ന് അത്തരത്തിലുള്ള വരികൾ നീക്കം ചെയ്യണമെന്ന് കാണിച്ചുകൊണ്ട് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയേക്ക് സെൻസർബോർഡ് കത്തയച്ചിട്ടുണ്ട്.
ജൂൺ 22 ന് റീലീസ് ചെയ്ത ഗാനം യൂട്യൂബിൽ സൂപ്പർ ഹിറ്റായിരുന്നു. 124 മില്ല്യൺ ആളുകളാണ് ഇതുവരെ പാട്ട് കണ്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷമാണ് വിജയ് യും തൃഷയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അർജ്ജുൻ സർജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി, മിഷ്ക്കിൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
ആക്ഷൻ- ത്രില്ലർ ജോണറിൽ പുറത്ത് ഇറങ്ങുന്ന ചിത്രം തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.