ആറാട്ടുപുഴ: മരുഭൂമിയിൽ താൻ അനുഭവിച്ച തീഷ്ണമായ ജീവിതത്തിൻ്റെ അഭ്രപാളിയിലെ ആവിഷ്കാരം കാണാൻ നജീബുമുണ്ടാകും. സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം റിലീസിങ് ദിനമായ വ്യാഴാഴ്ച എറണാകുളത്താകും ആദ്യ ഷോ കാണുക. സിനിമ കാണാനായി നജീബിനേയും കുടുംബത്തേയും സംവിധായകൻ ബ്ലസിയും കഥാകൃത്ത് ബെന്യാമിനും ക്ഷണിച്ചിരുന്നു. അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
നജീബിൻ്റെ മകൻ ഒമാനിൽ ജോലി ചെയ്യുന്ന സഫീറും സിനിമ കാണാൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ നിശ്ചയിച്ചതിലും നേരത്തെ സഫീറിന് നാട്ടിലെത്തേണ്ടി വന്നു. തന്‍റെ ഏക മകൾ സഫാ മറിയത്തെ (ഒന്നേകാൽ വയസ്) അവസാനമായി ഒരു നോക്ക് കാണാനായിരുന്നു അത്. നജീബിന്‍റെ പേരക്കുട്ടി സഫ മറിയം കഴിഞ്ഞ ശനിയാഴ്ചയാണ് ശ്വാസം മുട്ടലിനെ തുടർന്ന് മരിച്ചത്. പേരക്കുട്ടിയുടെ മരണത്തെ തുടർന്ന് നജീബും കുടുംബവും സങ്കടത്തിലായി. ഈ അവസ്ഥയിൽ സിനിമ കാണാൻ തങ്ങൾ ഉണ്ടാകില്ലെന്ന് ബ്ലസിയെ നജീബ് അറിയിച്ചു.
എന്നാൽ, ആടുജീവിതം വെള്ളിത്തിരയിലെത്തുന്ന നിമിഷത്തിന് സാക്ഷിയാകാൻ ഒപ്പം നജീബെങ്കിലും ഉണ്ടാകണമെന്ന ബ്ലസിയുടെയും ബെന്യാമിന്‍റെയും ആഗ്രഹം സാധിച്ചുനൽകാൻ നജീബ് സമ്മതിക്കുകയായിരുന്നു. പൃഥ്വിരാജ്, ബ്ലസി, ബെന്യാമിൻ തുടങ്ങി സിനിമയുടെ പ്രധാന അണിയറ പ്രവർത്തകരോടൊപ്പമാകും നജീബും ആദ്യ ഷോ കാണുക.
ബുധനാഴ്ച രാവിലെ ഹരിപ്പാട് വെച്ച് ബെന്യാമിനും നജീബും കണ്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ നജീബ് ബന്ധുവിനോടൊപ്പം എറണാകുളത്തിന് തിരിക്കും. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം അഭ്രപാളിയിൽ എത്തുമ്പോൾ സിനിമാലോകം വലിയ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.