നരണിപ്പുഴ ഷാനവാസിന്‍റെ തിരക്കഥ 'സൽമ' സിനിമയാകുന്നു

അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ ഒരുങ്ങി വിജയ് ബാബു. ഷാനവാസിനെ അനുസ്മരിക്കാനായി കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങിലാണ് നിർമാതാവും നടനുമായ വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്. 'സല്‍മ' എന്ന് പേരിട്ട തിരക്കഥയാണ് സിനിമയാക്കാന്‍ ഒരുങ്ങുന്നതെന്ന് വിജയ് ബാബു സാമൂഹിക മാധ്യമങ്ങളിലൂെട അറിയിച്ചു.

"ഷാനവാസുമായി അടുപ്പമുള്ള ഏതാനും പേരുടെ ഒരു കൂട്ടായ്മ ഇന്ന് യോഗം ചേര്‍ന്നു. എന്റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥയായ 'സല്‍മ' അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. അതില്‍ നിന്നുള്ള. ലാഭത്തിന്റെ ഒരു ഭാഗം ഷാനവാസിന്‍റെ കുടുംബത്തിന് നല്‍കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു" എന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിസംബര്‍ 23ന് ആണ് ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. സൂഫിയും സുജാതയും, കരി എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകള്‍.

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റില്‍ കൂടാത്ത ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ യുട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും. മികച്ച ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസിനു മുന്നില്‍ ഒരു ഫീച്ചര്‍ ഫിലിമിന്റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.

Tags:    
News Summary - Naranipuzha Shanavas' screenplay Salma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.