മുംബൈ: മതപരമായ വിവേചനവും ഇസ്ലാമോഫോബിയയും ബോളിവുഡിനെ ബാധിച്ചിട്ടില്ലെങ്കിലും സർക്കാറുകൾ അവരുടെ അജണ്ട പ്രചരിപ്പിക്കാൻ സിനിമ പ്രവർത്തകരെ ഉപയോഗിക്കുന്നതായി വിഖ്യാത നടൻ നസീറുദ്ദീൻ ഷാ. എൻ.ഡി ടി.വിയിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സ്വന്തം അജണ്ടകൾ സിനിമയാക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകി സിനിമക്കാരെ സ്വാധീനിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ശ്രദ്ധിക്കപ്പെട്ട സിനിമക്കാരെ പാട്ടിലാക്കാൻ നാസികളും ശ്രമിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിൽ മുസ്ലിംകൾ വിവേചനം നേരിട്ടിട്ടില്ല. കലാപരമായ സംഭാവനയാണ് ഇവിടെ പ്രധാനം. ധനികരാകുകയെന്ന ഒരൊറ്റ 'ദൈവ'മേ അവിടെയുള്ളൂ. സമ്പാദിക്കുന്നത്ര ബഹുമാനം നേടാമെന്നതാണ് കാര്യം.
ബോളിവുഡിൽ ഇന്നും മൂന്നു ഖാന്മാരാണ് മുന്നിൽ. അവർക്ക് വെല്ലുവിളികളില്ല. പേരു മാറ്റണമെന്ന് തുടക്കകാലത്ത് ഉപദേശമുണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്തു നേട്ടമാണുണ്ടാകുകയെന്നറിയില്ല. വിവേചനം സിനിമക്കു പുറത്താണ്. മുസ്ലിം നേതാക്കളോ വിദ്യാർഥികളോ നിരുപദ്രവ പരാമർശം നടത്തിയാൽപോലും നിയമനടപടിയുണ്ടാകുന്നു. അതേസമയം, മുസ്ലിംകൾെക്കതിരെ അക്രമാസക്ത പ്രസ്താവന നടത്തുന്നവരെ കണ്ടില്ലെന്നു നടിക്കുന്നു- നസീറുദ്ദീൻ ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.