കൊച്ചി: യുവതിയും സംഘവും ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന നടനും സിനിമ നിർമാതാവുമായ എൻ.എം. ബാദുഷയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.
പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ ബാദുഷ കമീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി ചരിയൻപറമ്പിൽ രമ്യാ കൃഷ്ണൻ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എൽദോ പോൾ, സാജിദ്, പാലാരിവട്ടം നെല്ലിപ്പറമ്പ് വീട്ടിൽ എൻ.എ. അനീഷ് എന്നിവരെ പ്രതിയാക്കിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
വഞ്ചന, പണം തട്ടിയെടുക്കൽ, സംഘംചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. പരാതിക്കാരന്‍റെ മൊഴിയെടുത്ത പൊലീസ്, സ്റ്റേഷനിൽ ഹാജരാകാൻ അഭിഭാഷകർക്ക് നോട്ടീസ് നൽകി.
സിനിമ കഥ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 2020 ഒക്ടോബർ 21 മുതൽ ഒന്നാം പ്രതിയായ രമ്യാ കൃഷ്ണൻ തന്നെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ബാദുഷ പറയുന്നു. അശ്ലീല ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ അയക്കാനും തുടങ്ങി.
പിന്നീട്, ഒരു സ്ത്രീ കേസ് കൊടുക്കാൻ നിർബന്ധിക്കുന്നുവെന്ന് പറഞ്ഞ് ബാദുഷയെ രമ്യ അഭിഭാഷകരായ എൽദോ പോളിനും സാജിദിനും മുന്നിലെത്തിച്ചു. രമ്യയുടെയും സുഹൃത്തിന്റെയും വാട്സ് ആപ്പിലും ഫേസ്ബുക്കിലുമുള്ള മെസേജുകൾ കാണിച്ച് കേസു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
2022 ആഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫിസിൽ ചെന്ന തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. വിലപേശലിനൊടുവിൽ ഇത് 1.25 കോടിയായി കുറച്ചു. രണ്ടാം പ്രതി ഒഴികെയുള്ള നാലുപേരും ചേർന്ന് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് കരാറിൽ ഒപ്പുെവപ്പിച്ചുവെന്നും അഡ്വാൻസായി പത്ത് ലക്ഷം വാങ്ങിയെന്നും പരാതിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.