ലൈംഗിക ബന്ധത്തിനിടെ ഭഗവത് ഗീത വായിക്കുന്ന രംഗം; റോബർട്ട് ഹൈമറുടെ ജീവചരിത്ര സിനിമ വിവാദത്തിൽ

ന്യൂഡൽഹി: ആറ്റംബോംബിന്റെ പിതാവായി അറിയപ്പെടുന്ന അമേരിക്കൻ ശാസ്‍ത്രജ്ഞൻ ​ജെ. റോബർട്ട് ഓപൺ ഹൈമറുടെ ജീവചരിത്ര സിനിമയായ ഓപൺ ഹൈമർ വിവാദത്തിൽ. ക്രിസ്റ്റഫർ നോളന്റെ ഇതിഹാസ ചിത്രത്തിലെ ചില രംഗങ്ങളാണ് വിവാദങ്ങൾക്കിടയാക്കിയത്. സിനിമയിൽ സിലിയൻ മർഫിയാണ് റോബർട്ട് ഹീമറായി വേഷമിട്ടത്.

റോബർട്ട് ഹൈമറുമായുള്ളലൈംഗിക ബന്ധത്തിനിടെ ഒരു സ്ത്രീ ഉച്ചത്തിൽ ഭഗവത് ഗീത വായിക്കുന്ന രംഗമാണ് പ്രേക്ഷകരിൽ ഒരുവിഭാഗത്തിന്റെ എതിർപ്പിന് കാരണം. ഈ രംഗം ഉൾപ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എഫ്.സി) ലഭിച്ചതെന്നാണ് അത്ഭുതമെന്ന് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ടുകൊണ്ട് ഇന്ത്യൻ ഇൻഫർമേഷൻ കമ്മീഷണർ ഉദയ് മഹൂർക്കർ പ്രതികരിച്ചു.

ഇതെ കുറിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അടിയന്തരമായി അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ആരാണെങ്കിലും കർശനമായി ശിക്ഷിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ക്രിസ്റ്റഫർ നോളൻ ആദ്യമായി ആർ-റേറ്റിങ് നേടിയ ചിത്രമാണ് ഓപ്പൺഹൈമർ.

എന്നാൽ ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനായി സ്റ്റുഡിയോ സെക്‌സ് സീനിന്റെ ചില ഷോട്ടുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് ഇന്ത്യയുടെ സെൻസർ ബോർഡ് ചിത്രത്തിന് യു/എ റേറ്റിങ് നൽകി. സെൻസർ ബോർഡ് അനുവദിക്കില്ലെന്ന് കണ്ടാണ് സ്റ്റുഡിയോ ഈ സീനുകൾ വെട്ടിനീക്കിയതെന്നും റിപ്പോർട്ടുണ്ട്. ​വിവാദങ്ങൾക്കിടയിലും വൻ പ്രേക്ഷക പിന്തുണയാണ് സിനിമക്ക് ലഭിക്കുന്നത്. ആദ്യദിനം തന്നെ 13.50 കോടിയാണ് സിനിമക്ക് ലഭിച്ച കലക്ഷൻ എന്നാണ് റിപ്പോർട്ട്.

സിനിമയിൽ ആറ്റംബോംബ് പരീക്ഷിക്കുന്ന സമയത്തും ഭഗവത് ഗീതയിലെ വാക്കുകൾ ഉരുവിടുന്നുണ്ട് ഓപൺ ഹൈമർ. സാധാരണ ബയോപിക്കിൽ നിന്ന് മാറി സൈക്കോളജിയും കുറ്റാന്വേഷണവും ഒരുമിപ്പിക്കുന്ന തരത്തിലുള്ള ശൈലിയാണ് നോളൻ സിനിമയിൽ പിന്തുടരുന്നത്. സിലിയൻ മർഫിയെ കൂടാതെ റോബർട്ട് ഡൗണിയും എമിലി ബ്ലണ്ടും മാറ്റ് ഡാമനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. 

Tags:    
News Summary - Oppenheimer attack on hinduism row over bhagavad Gita in sex scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.