കാർത്തികി ഗോൺസാൽവസും ഗുനീത് മോങ്കയും ഓസ്കറുമായി

ഓസ്കറിലെ ആനക്കാര്യം

‘‘ഞാൻ വളർന്നത് ഇതേ സ്ഥലത്താണ്. ഊട്ടിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് രഘുവും ബൊമ്മനും ശ്രദ്ധയിൽപെടുന്നത്. എന്റെ ആകാംക്ഷ കണ്ടിട്ടാകണം, അവർക്കൊപ്പം ചെല്ലാൻ ക്ഷണിച്ചു. കാർ നിർത്തി അവർക്കൊപ്പം നടന്നു. കുളിക്കാനായി പുഴയിലേക്കുള്ള നടത്തമായിരുന്നു ഇരുവരുടേതും. മൂന്നുവയസ്സു മുതൽ ഞാൻ ദേശീയ സങ്കേതം സന്ദർശിക്കാറുണ്ട്. എന്നാൽ, ഇത്തരമൊരു അനുഭവം ആദ്യത്തേതായിരുന്നു. മുമ്പൊരിക്കലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അത്തരമൊരു ബന്ധം കണ്ടിട്ടില്ല. ബൊമ്മന് രഘു ഒരു മകനെപ്പോലെ, അല്ലെങ്കിൽ അതിലും മുകളിലുള്ള ഒരു ആത്മബന്ധമായിരുന്നു. രഘു ബൊമ്മന്റെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്ന സമയങ്ങളുണ്ടായിരുന്നു, അല്ലാത്തതും. കൊച്ചുകുട്ടിയായിരിക്കുമ്പോൾതന്നെ ആരുമില്ലാതായെന്ന ഭയത്തിൽനിന്നാണ് അതുണ്ടാകുന്നതെന്ന് ഞാൻ കരുതുന്നു. അവരെ കൂടുതൽ അറിഞ്ഞതോടെ ആ കഥ ലോകത്തെ അറിയിക്കാനുള്ള ശ്രമവും തുടങ്ങി’’ -ബൊമ്മന്റെയും ബെള്ളിയുടെയും രഘുവിന്റെയും കഥ ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ തുടക്കത്തെക്കുറിച്ച് കാർത്തികി ഗോൺസാൽവസ് പറയുന്നതിങ്ങനെ.

‘ദ എലിഫന്റ് വിസ്പറേഴ്സ്’ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടിയാണ്. 95ാമത് ഓസ്കറിൽ ഈ ഇന്ത്യൻ പ്രാദേശിക ചിത്രം മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ പുരസ്കാരം നേടി. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതും ഛായാഗ്രഹണത്തിൽ പങ്കാളിയായതും കാർത്തികി തന്നെ.

2017ൽ തുടങ്ങിയ ദൗത്യമായിരുന്നു കാർത്തികി ഗോൺസാൽവസിന്റേത്. രണ്ടു വർഷത്തോളം തെപ്പക്കാട് ആനപരിശീലനകേന്ദ്രത്തിൽ താമസിച്ച് കാർത്തികി അവിടത്തെ ജീവിതവും അനുഭവങ്ങളും പഠിച്ചു. വനം, പരിസ്ഥിതി, പശ്ചിമഘട്ടം തുടങ്ങിയവയാണ് കാർത്തികിയുടെ ഇഷ്ടവിഷയം. കാർത്തികിയുടെ അമ്മ പ്രിസില്ല ഗോൺസാൽവസാണ് ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

കാടിന്റെ വന്യതയും ഭംഗിയുമാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. ബൊമ്മനും ബെള്ളിക്കും ഈ കാടാണ് ജീവിതം. കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ടവരാണ് ഇരുവരും. കടുവയുടെ ആക്രമണത്തിൽ ബെള്ളിയുടെ ആദ്യഭർത്താവ് കൊല്ലപ്പെട്ടു. അതുകൊണ്ടുതന്നെ കാടിനെ ഭയമാണ് ബെള്ളിക്ക്. ഇടക്കുവെച്ച് മകളെയും നഷ്ടപ്പെട്ടു. ഇതോടെ കൊച്ചുമകൾ സഞ്ജന മാത്രമായി ബെള്ളിയുടെ കൂട്ട്. കാട്ടുകൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാളാണ് ബൊമ്മൻ. പരിക്കേറ്റതിൽപിന്നെ വലിയ ആനകളെ ബൊമ്മൻ അടുപ്പിക്കാറില്ല. അച്ഛനും മുത്തച്ഛനുമടക്കം പാരമ്പര്യമായി ആനയെ പരിപാലിച്ചുവരുന്നവരാണ്. മുറിവുപറ്റിയും ആനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടും വെള്ളപ്പാച്ചിലിൽ അകപ്പെട്ടുമെല്ലാം ആനക്കുട്ടികൾ ഊരിലെത്തും. അങ്ങനെയെത്തുന്ന ആനക്കുട്ടികളെ തമിഴ്നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിൽ തെപ്പക്കാട് ആനപരിശീലനകേന്ദ്രത്തിലെത്തിക്കും. 2017 ലാണ് കൃഷ്ണഗിരി ഹൊസൂർ കാട്ടിൽനിന്ന് അമ്മയെ പിരിഞ്ഞ നിലയിൽ രഘുവിനെ കണ്ടെത്തുന്നത്. വൈദ്യുതിക്കമ്പിവേലിയിൽ തട്ടി അമ്മയാന െചരിഞ്ഞതോടെ രഘു ഒറ്റപ്പെട്ടു. വാൽ മുറിഞ്ഞ് അവശ നിലയിലായിരുന്നു രഘു. ജീവൻ നിലനിർത്താനാകുമെന്നുപോലും അധികൃതർ കരുതിയിരുന്നില്ല. എന്നാൽ, വനംവകുപ്പ് അധികൃതരിൽനിന്ന് രഘുവിന്റെ പരിചരണച്ചു മതല ബൊമ്മനും ബെള്ളിയും ഏറ്റെടുക്കുകയായിരുന്നു. മുമ്പ് ആനയെ നോക്കി പരിചയമുള്ളയാളല്ല ബെള്ളി. എന്നാൽ, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തന്റെ തുണിയിൽ പിടിച്ചുവലിച്ച രഘുവിനെ ബെള്ളി നെഞ്ചോടുചേർത്തു.

കൊച്ചുകുഞ്ഞിനെന്നപ്പോലെ പാലും ബിസ്കറ്റും കൊടുത്ത് അവർ ഇരുവരും രഘുവിനെ വളർത്തി. പുഴയിൽ കളിപ്പിച്ചും കുളിപ്പിച്ചും അവർ അവനെ ഒപ്പം കൂട്ടി. ജീവൻപോലും നിലനിൽക്കില്ലെന്ന് കരുതിയ രഘു മിടുക്കനായി വളർന്നു. അതിനിടെ, അധികൃതരിൽനിന്ന് വീണ്ടും അവർക്കൊരു വിളിവന്നു. കൊടുംവേനലിൽ ആനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട അഞ്ചുമാസം പ്രായമുള്ള അമ്മു എന്ന ആനക്കുട്ടിയുടെ പരിചരണച്ചുമതല ഇരുവരെയും ഏൽപിക്കുന്നതിനായിരുന്നു അത്. അമ്മുവിനെയും രഘുവിനെയും സ്വന്തം മക്കളെപ്പോലെ ഇവർ നോക്കിവളർത്തി. അതിനിടെ ബൊമ്മനും ബെള്ളിയും വിവാഹിതരാകുകയും ചെയ്തു. രഘുവിന്റെ പരിചരണച്ചുമതല പിന്നീട് മറ്റൊരാൾക്ക് ചുമതലപ്പെടുത്തിയെങ്കിലും ബൊമ്മന്റെ ഒരു വിളിയിൽ അവൻ അവർക്കരികിലേക്ക് ഓടിയെത്തും.

മുതുമലയുടെ വന്യതയും രണ്ടു മനുഷ്യരുടെയും അവർ വളർത്തി വലുതാക്കിയ ‘വലിയ മക്കളുടെ’യും ജീവിതമാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. കാടിനെ ആസ്വദിക്കുന്നവർക്ക് കണ്ണിമവെട്ടാതെ ഓരോ ദൃശ്യവും കണ്ടിരിക്കാനാകും. കാടിന്റെ പച്ചപ്പിനൊപ്പം ഇഴുകിച്ചേർന്ന മനുഷ്യരും മൃഗങ്ങളുമെല്ലാം ഈ ഡോക്യുമെന്ററിലൂടെ കാണാം. 2022ൽ നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ റിലീസ്. ഗുനീത് മോങ്കയാണ് ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ നിർമാതാവ്. കാർത്തികിക്കു പുറമെ കരൺ തപളിയാൽ, ക്രിഷ് മഖിജ, ആനന്ദ് ബൻസാൽ തുടങ്ങിയവരും ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരം തേടിയെത്തുന്നതിലൂടെ സിനിമയിലൂടെ മുന്നോട്ടുവെച്ച സന്ദേശം കൂടുതൽ പേരിലേക്ക് എത്തുമെന്നതാണ് വലിയ സന്തോഷമെന്ന് ഓസ്കർ നോമിനേഷനിൽ ചിത്രം ഇടംപിടിച്ചപ്പോൾതന്നെ കാർത്തികി ഗോൺസാൽവസ് പറഞ്ഞിരുന്നു. വനവും പരിസ്ഥിതിയും പശ്ചിമഘട്ടവും ജൈവവൈവിധ്യവും ഗോത്രജനതയും അവരുടെ ജീവിതവുമെല്ലാം പകർത്തുന്ന വന്യജീവി ഫോട്ടോഗ്രാഫർകൂടിയാണ് കാർത്തികി ഗോൺസാൽവസ്. 1986ൽ ഊട്ടിയിലാണ് ജനനം. തിമോത്തി എ. ഗോൺസാൽവസ് ആണ് പിതാവ്. പഠനത്തിനുശേഷം കാടിനെ അറിയാനുള്ള യാത്ര തുടങ്ങി. നിലവിൽ മുംബൈയിലാണ് താമസം. ആനിമൽ പ്ലാനറ്റ്, ഡിസ്കവറി ചാനലുകളുടെ കാമറ ഓപറേറ്റർകൂടിയാണ് കാർത്തികി ഗോൺസാൽവസ്.

Tags:    
News Summary - oscar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.