‘മദർ ഇന്ത്യ’ മുതൽ ‘ജയ് ഹോ’ വരെ; ഓസ്കർ വീണ്ടും ഇന്ത്യയിലെത്തുന്നത് 14 വർഷത്തിനു ശേഷം

സാഹിത്യത്തി​ൽ നൊബേൽ എന്ന പോലെയാണ് സിനിമക്ക് അക്കാദമി അവാർഡ്സ് എന്ന ഓസ്കർ. ലോകത്തുടനീളം ഓരോ സിനിമക്കാരനും കാത്തിരിക്കുന്ന, കാതോർക്കുന്ന പരമോന്നത പുരസ്കാരം. സിനിമ, സംവിധായകൻ, നടൻ, നടി, തിരക്കഥ തുടങ്ങി ഓരോ വിഭാഗത്തിലും അതത് വർഷത്തെ ഏറ്റവും മികച്ചവരാണ് ഡോൾബി തിയറ്ററിൽ ആദരമേറ്റുവാങ്ങുന്നത്. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന 9,000 പേർ അംഗങ്ങളായ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് (എ.എം.പി.എ.എസ്) ആണ് ഓരോ വർഷവും സമ്മാനങ്ങൾ നൽകുന്നത്. 1929 മുതൽ നൽകിവരുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങാത്ത രാജ്യങ്ങൾ അപൂർവം.

ലോകത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ സിനിമ നിർമാതാക്കൾ മാത്രമല്ല, നിലവിൽ ഏറ്റവുമധികം സിനിമ നിർമിക്കുന്ന ​രാജ്യം കൂടിയായ ഇന്ത്യ സമീപകാലത്ത് സ്വാഭാവികമായും ഓസ്കറിൽ മികച്ച സാന്നിധ്യമാണ്. അമേരിക്കയിലെ ഓസ്കർ വേദിയിൽ ഇന്ത്യ ഇതുവരെയും കുറിച്ച വലിയ നേട്ടങ്ങൾ ഇതൊക്കെയാണ്..

ഗാന്ധി സിനിമയിൽ വസ്ത്രാലങ്കാരത്തിന് ഭാനു അതയ്യയാണ് ആദ്യമായി ഓസ്കർ ഇന്ത്യയിലെത്തിക്കുന്നത്- 1983ൽ. ദേശീയ ഫിലിം വികസന കോർപറേഷൻ കൂടി നിർമാണത്തിൽ പങ്കാളിയായ സിനിമ റിച്ചാർഡ് ആറ്റൻബറോയാണ് സംവിധാനം നിർവഹിച്ചിരുന്നത്. 1992ൽ ആജീവനാന്ത സേവനങ്ങൾക്ക് സത്യജിത് റായ് ആദരിക്കപ്പെട്ടു.

2009ൽ എ.ആർ റഹ്മാനും ഗുൽസാറും സ്ലംഡോഗ് മില്യനയർ സിനിമയിലെ ജയ് ഹോ എന്ന ഗാനത്തിന് ആദരിക്കപ്പെട്ടു. ഡാനി ബോയ്ൽ സംവിധാനം ചെയ്ത സിനിമയിൽ ശബ്ദ മിശ്രണത്തിന് റസൂൽ പൂക്കുട്ടിയും ആദരിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഓസ്കറിൽ ​ഇത്രയേറെ ഇന്ത്യൻ സാന്നിധ്യം. പിന്നീട് 13 വർഷം കാര്യമായ സാന്നിധ്യമില്ലാതെ പോയ ഇന്ത്യയെ വീണ്ടും ഉയരത്തിലെത്തിച്ചാണ് രണ്ടു പേർ ആദരിക്കപ്പെടുന്നത്.

‘രഘു’ എന്ന ആനക്കുട്ടിയും ബൊമ്മൻ- ബെല്ലി ദമ്പതികളും തമ്മിലെ ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ‘ദി എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയാണ് ആദ്യ പുരസ്കാരം നേടിയത്. മികച്ച ഡോക്യമെന്ററി ഹൃസ്വചിത്രമായാണ് ഇത് തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിറകെ ‘നാട്ടു നാട്ടു’ ഗാനവും പുരസ്കാര നിറവിലായി.

ഓസ്കർ നേട്ടങ്ങൾ കുറവാണെങ്കിലും ഇന്ത്യയിൽനിന്ന് നാമനിർദേശം നേടിയ ചിത്രങ്ങൾ അനവധിയാണ്. 1957ൽ മഹ്ബൂബ് ഖാൻ സംവിധാനം ചെയ്ത മദർ ഇന്ത്യ, മീര നായറുടെ സലാം ബോംബെ (1988), ആമിർ ഖാൻ നിറഞ്ഞാടിയ ലഗാൻ (2001) എന്നിവ നാമനിർദേശം ചെയ്യപ്പെട്ടവയാണ്. ഇസ്മായിൽ മർച്ചന്റ് നാലു തവണ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Oscars 2023: Mother India To Jai Ho - India's Journey So Far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.