മാതാവും പിതാവും നഷ്ടമായി ഒറ്റക്കായിപ്പോയ ‘രഘു’ എന്ന ആനക്കുട്ടിയും ബൊമ്മൻ- ബെല്ലി ദമ്പതികളും തമ്മിലെ ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഓസ്കർ പുരസ്കാര നിറവിൽ. കാർതികി ഗൊൺസാലസ് സംവിധാനം ചെയ്ത ചിത്രം ഡോക്യുമെന്ററി ഷോർട് വിഭാഗത്തിലാണ് 95ാം ഓസ്കർ വേദിയിൽ പുരസ്കാരം സ്വന്തമാക്കിയത്.
മനുഷ്യരും മൃഗങ്ങളും തമ്മിൽ അധികമാരും പകർത്താതെ പോയ പാരസ്പര്യം പങ്കുവെക്കുന്ന ചിത്രം തമിഴ്നാട്ടിലെ മുതുമല ദേശീയ പാർക്കിൽ ചിത്രീകരിച്ചതാണ്. അനാഥരായി പോയ ആനക്കുഞ്ഞുങ്ങളുടെ കാവൽക്കാരായി അവർക്കൊപ്പം കഴിഞ്ഞ ദമ്പതികളുടെ ഹൃദയസ്പർശിയായ ജീവിതകഥയാണിത്.
ഇന്ത്യൻ സാന്നിധ്യം കരുത്തുകാട്ടുമെന്ന് കരുതുന്ന 95ാം ഓസ്കർ അവാർഡ് വേദിയിൽ മാർത്ത മിച്ചെൽ എഫെക്ട്, സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ്, ഹൗ ഡു യു മെഷർ എ ഇയർ’ എന്നീ മൂന്ന് ഷോർട്ഫിലിമുകളെ പിറകിലാക്കിയാണ് കാർതികി പുരസ്കാരത്തിൽ മുത്തമിട്ടത്. ഈ വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് പുരസ്കാര നേട്ടത്തിലെത്തുന്ന ആദ്യ സിനിമയാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’.
മുമ്പ് രണ്ടു ചിത്രങ്ങൾ ഈ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിരുന്നത് മാത്രമാണ് ഈ വിഭാഗത്തിലെ മികവ് പറയാനുണ്ടായിരുന്നത്. 1969ലും 1979ലും പുരസ്കാര വേദിയിലെത്തിയ ‘ദ ഹൗസ് ദാറ്റ് ആനന്ദ ബ്വിൽട്ട്, ‘ഏൻ എൻകൗണ്ടർ വിത്ത് ഫേസസ്’ എന്നിവയായിരുന്നു മുമ്പ് പുരസ്കാരത്തിനെത്തിയത്. 2022ൽ നെറ്റ്ഫ്ലിക്സിലാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’ റിലീസ് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.