'മാറ്റം വരണമെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണം': അഭിപ്രായം തുറന്നുപറഞ്ഞ് പ്രശാന്ത് അലക്സാണ്ടർ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് മലയാള സിനിമയിലുണ്ടാക്കിയിരിക്കുന്നത്. സിനിമാരംഗത്തുള്ള പലരും വിഷയത്തിൽ കൃത്യമായ അഭിപ്രായം പറയാതെ നിൽക്കുമ്പോൾ നടൻ അലക്സാണ്ടര്‍ പ്രശാന്ത് അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു.

ഒരു മാറ്റം വരണമെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണമെന്ന് പ്രശാന്ത് അലക്സാണ്ടർ തുറന്നടിച്ചു. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകൾ സംഭവിക്കാതെ ഇരിക്കണം. ചിലതൊന്നും തമാശയായി തള്ളിക്കളയാനാവില്ല. നിർദോഷമെന്നു തോന്നുന്ന തമാശകൾ പ്രോത്സാഹിപ്പിക്കുന്നത് അതിലും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഉണ്ടായ ചില ദുരനുഭവങ്ങൾ പങ്കുവച്ച് പ്രശാന്ത് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്തിന്റെ തുറന്നു പറച്ചിൽ.

തെറ്റുകൾ തിരുത്തുന്നതല്ല പരിഹാരമെന്നും തെറ്റുകൾ സംഭവിക്കാതിരിക്കുന്ന സാഹചര്യമാണ് ആവശ്യം. സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന മേഖലയാണ് സിനിമ. അത് പ്രഫഷണലായി മാറണം. ഏറ്റവും കുറഞ്ഞ ചെലവിൽ ജനങ്ങൾക്കും എന്റർടൈൻമെന്റ് കൊടുക്കുന്ന മേഖലയാണ് സിനിമ. സിനിമയിൽ ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

'തെറ്റുകൾ സംഭവച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് ഒരിക്കലും പരിഹാരമായി കാണരുത്. തെറ്റുകൾ സംഭവിക്കാതിരിക്കണം. അങ്ങനെ സംഭവിച്ചാൽ, മാത്രമേ തുറന്നു പറയാനുള്ള ധൈര്യം നൽകുന്ന തരത്തിൽ വ്യവസ്ഥിതി വളരുകയുള്ളൂ. ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ എന്തുകൊണ്ട് സ്ത്രീകൾ ഭയപ്പെടുന്നുവെന്ന് ചോദിച്ചാൽ അത്, അവരുടെ മാനസികാവസ്ഥയാണ്. എക്സിബിഷനിസം എന്ന സ്വഭാവവൈകല്യം ഉള്ള ഒരാൾ ഒരു സ്ത്രീയുടെയും ശരീരത്തിൽ സ്പർശിക്കാറില്ല. ദൂരെ നിന്ന് തുണി പറിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. അതു കാണുമ്പോൾ ആ സ്ത്രീ അനുഭവിക്കുന്ന പ്രയാസവും ടെൻഷനും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു പുരുഷന്റെ ലിം​ഗം കണ്ടാൽ ഒരിക്കലും അവർ സന്തോഷിക്കാറില്ല. അവർക്ക് അറപ്പാണ് ഉണ്ടാകുന്നത്. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല. അവർ എന്തുകൊണ്ട് പരാതിപ്പെടുന്നില്ല എന്ന ചോദ്യത്തിന് ഒരിക്കലും പ്രസക്തിയില്ല. തുറന്ന് പറയാനും പരാതിപ്പെടാനും എപ്പോഴും ഭയമുണ്ട്. അവർക്ക് തുറന്ന് പറയാനുള്ള അവസരമാണുള്ളത്. മലയാളം ഇൻഡസ്ട്രിയിൽ ഒരു പ്രഫഷനലിസം ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്. ആ പ്രഫഷനലിസത്തിലേക്കാണ് നമ്മൾ എത്തേണ്ടത്’- പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു.

Tags:    
News Summary - Prashanth Alexander Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.