നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചെന്നൈ കീഴ്പാക്കത്തെ 'കാവ് ഷാറ്റൊ' അപ്പാർട്മെന്‍റിലെ ഏഴാംനിലയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ മരണം സംഭവിച്ചതായാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് ശ്മശാനത്തിൽ സംസ്കരിക്കും.

മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലെ നൂറോളം സിനിമകളിൽ അഭിനയിച്ചു. 12 സിനിമകൾ സംവിധാനം ചെയ്ത പ്രതാപ് പോത്തൻ തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1952 ആഗസ്റ്റ് 13ന് തിരുവനന്തപുരത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും വ്യവസായിയുമായ കുളത്തുങ്കൽ പോത്തന്‍റെയും പൊന്നമ്മയുടെയും മകനായാണ് ജനനം. ഊട്ടി ലോറൻസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. കോളജ് പഠനകാലം മുതൽ നാടകങ്ങളിൽ സജീവമായിരുന്നു.

Full View

പ്രതാപിന്‍റെ അഭിനയമികവ് ശ്രദ്ധയിൽപെട്ട സംവിധായകൻ ഭരതൻ 'ആരവം' എന്ന സിനിമയിൽ അവസരം നൽകി. പിന്നീട് 'തകര', 'ചാമരം', 'ലോറി' എന്നീ സിനിമകളിലും അഭിനയിച്ചു. തകരയിലെയും ചാമരത്തിലെയും അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടി. ഈ സിനിമകളിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരത്തിന് അർഹനായി. വരുമയിൻ നിറം ശിവപ്പു, നെഞ്ചത്തെ കിള്ളാതെ, പനീർ പുഷ്പങ്കൾ എന്നീ തമിഴ് സിനിമകളിലും തിളങ്ങി.

1985ൽ 'മീണ്ടും ഒരു കാതൽ കഥൈ' എന്ന തമിഴ് സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. ഇതിന് നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള ഇന്ദിര ഗാന്ധി ദേശീയ അവാർഡ് ലഭിച്ചു. ഈ സിനിമയുടെ രചനയും പ്രതാപ് പോത്തന്‍റേതായിരുന്നു. മലയാളത്തിൽ 'ഋതുഭേദം' ആണ് ആദ്യമായി സംവിധാനം ചെയ്തത്. മലയാളത്തിൽ മോഹൻലാൽ സംവിധാനം ചെയ്ത 'ബറോസ'യിലും. 'സി.ബി.ഐ 5-ദി ബ്രെയിൻ' ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

നിരവധി പുരസ്കാരങ്ങൾ നേടി. 1985ൽ തെന്നിന്ത്യൻ ചലച്ചിത്രതാരം രാധികയെ വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനകം വിവാഹമോചിതനായി. 90ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. 2012ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്. പ്രശസ്ത നിർമാതാവ് അന്തരിച്ച ഹരി പോത്തൻ സഹോദരനാണ്.

Tags:    
News Summary - Pratap Pothen Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.