'ദളപതി' ടീം വീണ്ടും; 33 വർഷങ്ങൾക്ക് ശേഷം മണിരത്‌നം-രജനികാന്ത് ചിത്രം

നീണ്ട ഇടവേളക്ക് ശേഷം മണിരത്നവും രജനികാന്തും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12 ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ഇളയരാജയായിരുന്നു സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ജനങ്ങൾക്കിടയിൽ സൂപ്പർ ഹിറ്റാണ്.

'തഗ് ലൈഫ്' ആണ് അണിയറയിൽ ഒരുങ്ങുന്ന മണിരത്നം ചിത്രം. കമൽ ഹാസനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

വേട്ടയ്യനാണ് രജനികാന്തിന്റെ പുതിയ റിലീസ്. ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഒക്ടോബർ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Tags:    
News Summary - Rajinikanth and Mani Ratnam to team up again 37 years after ‘Thalapathi’?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.