കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്. സർക്കാറിന് മുമ്പാകെ രഞ്ജിത്ത് രാജി സമർപ്പിച്ചു. ശ്രീലേഖ മിത്രയുടെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിക്കായി സമ്മർദ്ദം ശക്തമായിരുന്നു.
പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷത്തുള്ള സി.പി.ഐ അടക്കമുള്ള പാർട്ടികളും രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമ രംഗത്തുള്ള പലരും രാജി ആവശ്യം ഉയർത്തിയിരുന്നു. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സിനിമ താരങ്ങളും രാജി ആവശ്യം ഉയർത്തിയതോടെ രഞ്ജിത്ത് കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇതോടെയാണ് രാജിക്കത്ത് കൈമാറാൻ രഞ്ജിത്ത് നിർബന്ധിതനായത്.
നേരത്തെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സി.പി.എം സ്വീകരിച്ചിരുന്നത്. പ്രഗൽഭനായ കലാകാരനാണ് രഞ്ജിത്തെന്നും ആരോപണം തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നതോടെ സജി ചെറിയാൻ നിലപാട് മാറ്റിയിരുന്നു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.