ബ്രഹ്മാണ്ഡ വിജയമായ രാജമൗലി ചിത്രം ‘ആർ.ആർ.ആറി’ലെ ക്രൂരനായ വില്ലൻ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച ഐറിഷ് നടൻ റേ സ്റ്റീവൻസണിന് (58) വിട ചൊല്ലി ചലച്ചിത്രലോകം. അസുഖത്തെത്തുടർന്ന് ഞായറാഴ്ച ഇറ്റലിയിൽ വെച്ചായിരുന്നു അന്ത്യം. സിനിമാ ചിത്രീകരണത്തിനിടെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആർ.ആർ.ആറിലെ പ്രധാന വില്ലനായ ബ്രിട്ടീഷ് ഗവർണറായാണ് റേ അഭിനയിച്ചത്. നടന്റെ വിയോഗവാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് സംവിധായകൻ എസ്.എസ് രാജമൗലി പറഞ്ഞു.
1964-ൽ വടക്കൻ അയർലന്റിലെ ലിസ്ബേണിലാണ് റേയുടെ ജനനം. പോൾ ഗ്രീൻഗ്രാസിന്റെ ‘ദ തിയറി ഒഫ് ഫ്ലൈറ്റ്’ (1998) ആണ് ആദ്യ ചിത്രം. ‘കിങ് ആർതറി’ലും ‘തോർ’ ചലച്ചിത്രപരമ്പരയിലും ‘സ്റ്റാർ വാർസ്’ ലൈവ് ആക്ഷൻ സീരീസിലും, എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷൻ സീരീസായ റോമിലും, വൈക്കിങ്, ഡെക്സെറ്റർ പരമ്പരകളിലും റേ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയൻ നരവംശശാസ്ത്രജ്ഞ എലിസബെത്ത കരച്യയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.