‘ആ കണ്ണോടെ എന്നെ ആരും നോക്കരുത്, ആ സംഭവത്തിന് ശേഷം ഗ്ലാമറസ് രംഗങ്ങൾ ചെയ്യില്ലെന്ന് തീരുമാനിച്ചു’; വെളിപ്പെടുത്തി സായ് പല്ലവി

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നായികമാരിലൊരാളാണ് സായ് പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം, പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ നിന്ന് അകലം പാലിച്ചു. എത്ര പ്രതിഫലം തന്നാലും ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് സായ് സിനിമയിൽ എത്തിയത്. അത് ഇപ്പോഴും നടി കൃത്യമായി പാലിക്കുന്നുണ്ട്.

ഇപ്പോഴിതാ ഗ്ലാമറസ് രംഗങ്ങളോട് നോ പറയാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സായ് പല്ലവി. പ്രേമം സിനിമ റിലീസ് ചെയ്തതിന് ശേഷമുണ്ടായ സംഭവം വെളിപ്പെടുത്തിയാണ് ഇക്കാര്യം പറഞ്ഞത്. 'പ്രേമം സിനിമ റിലീസ് ചെയ്തതിന് ശേഷം ജോർജിയയിൽ ഒരു ഡാൻസ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. മുഴുവൻ വിദേശികളായിരുന്നു പരിപാടി കാണാൻ എത്തിയത്. അച്ഛനോടും അമ്മയോടും അനുവാദം വാങ്ങിയതിന് ശേഷമാണ് കോസ്റ്റ്യൂം ഇട്ടത്. എന്നാൽ,  ഡാൻസ് മറ്റൊരു രീതിയിലാണ് ആളുകൾ കണ്ടത്. വിദേശത്ത് നിന്ന് ഒരാള്‍ വന്ന് ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഷോര്‍ട്‌സ് ധരിച്ച് ചെയ്യാന്‍ പറ്റില്ല. അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്. എന്നാല്‍, ഈ ഡാന്‍സ് ആളുകള്‍ പിന്നീട് മറ്റൊരു രീതിയില്‍ കണ്ടപ്പോള്‍ ഇനിയിങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചു.

ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഞാന്‍ ഫീഡ് ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. അത്തരം കണ്ണുകള്‍ തന്നിലേക്ക് വരരുത്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്‌നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളില്‍ ഞാന്‍ സംതൃപ്തയാണ്. നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലേ കരിയറില്‍ കൂടുതല്‍ കാലം നില്‍ക്കാന്‍ പറ്റുകയുള്ളൂ'- സായ് പല്ലവി പറഞ്ഞു. ‘അമരന്‍’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇനി റിലീസ് ചെയ്യാനൊരുങ്ങുന്നത്.

Tags:    
News Summary - Sai Pallavi Does Not Want To Feed Those Eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.