കല്‍പറ്റ: തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച റോളുകളിലൊന്നാണ് അമൽ നീരദ് സംവിധാനം ചെയ്ത 'ഭീഷ്മപർവം' തനിക്ക് സമ്മാനിച്ചതെന്ന് നടന്‍ അബുസലീം. 45 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയസാധ്യതയുള്ള കാരക്ടർ റോളുകൾ തേടിയെത്തുന്നതിൽ സന്തോഷമുണ്ട്.
വില്ലൻവേഷങ്ങളും കോമഡി റോളുകളുമൊക്കെ ചെയ്ത് ഒടുവിൽ കാരക്ടർ റോൾ കൈാര്യം ചെയ്ത് ആളുകൾ അതേറെ നന്നായെന്നുപറയുമ്പോൾ അഭിമാനമുണ്ടെന്നും അബുസലീം പറഞ്ഞു. വയനാട് പ്രസ് ക്ലബ് ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 1977ൽ 'രാജൻ പറഞ്ഞ കഥ' എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ. 220 സിനിമകൾ. ആ യാത്ര ഭീഷ്മപര്‍വത്തിലെ 'ശിവന്‍കുട്ടി'യിലെത്തിനിൽക്കുമ്പോൾ ഏറെ സന്തോഷവാനാണ്. മമ്മൂക്കയുടെ നായകകഥാപാത്രത്തിന്റെ സന്തത സഹചാരിയായ 'ശിവൻകുട്ടിയെ' ഒരു ഫൈറ്റ് സീൻ പോലുമില്ലാതെയാണ് അമൽ നീരദ് ആവിഷ്കരിച്ചത്. കഴിയുന്നത്ര മികച്ച രീതിയിൽ അത് ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ചിത്രത്തിനും എന്റെ കഥാപാത്രത്തിനുമൊക്കെ ലഭിക്കുന്ന നിറഞ്ഞ പിന്തുണ അതിന്റെ പ്രതിഫലനമായി കരുതുന്നു.
അഭിനയജീവിതത്തിലുടനീളം ഏറെ പിന്തുണയും സ്നേഹവും പകർന്നുനൽകിയ ആളാണ് മമ്മൂക്ക. അദ്ദേഹവുമൊത്തുള്ള സിനിമകളൊക്കെ ഏറെ ആസ്വദിച്ചാണ് ചെയ്യാറ്. എവിടെപ്പോയാലും തിരികെവിളിക്കുന്ന വയനാടിന്റെ സ്നേഹം തന്റെ ജീവിതത്തിലും സിനിമയിലുമൊക്കെ പ്രധാനമായി കരുതുന്നു.
ഷൂട്ടിന് പോയാലും അഞ്ചോ ആറോ ദിവസം കഴിഞ്ഞാൽ കൽപറ്റയിലെത്തുന്ന പ്രകൃതമാണെന്റേത്. ഈ കാലാവസ്ഥ, നാട്ടുകാർ, അന്തരീക്ഷം... എല്ലാം പ്രിയപ്പെട്ടതാണെന്നും അബുസലീം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. ഫിലിം ക്ലബ് ചെയര്‍മാന്‍ രതീഷ് വാസുദേവന്‍, ഹാഷിം കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.