കോവിഡ് മഹാമാരി രാജ്യത്ത് പിടിമുറുക്കാൻ തുടങ്ങിയത് മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നിലുണ്ടായിരുന്ന ബോളിവുഡ് താരമാണ് സോനു സൂദ്. വെള്ളിത്തിരയിലെ വില്ലൻ ജീവിതത്തിൽ ഹീറോ ആയി മാറുന്ന കാഴ്ച്ചക്ക് സാക്ഷിയാവുകയായിരുന്നു ഒാരോ ഇന്ത്യക്കാരനും. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച പലരിലേക്കും സോനു സൂദിെൻറ സഹായഹസ്തം നീണ്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലും ആന്ധ്രയിലും സാമൂഹിക ഇടപെടലുകൾ നടത്തിയ താരം ഇപ്പോൾ കേരളത്തിലെ ഒരു അടിയന്തര പ്രശ്‌നത്തിലാണ് ഇടപെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ മലയോര പ്രദേശമായ വയനാട്ടിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ കാരണം സ്‌കൂൾ പഠനത്തിന് പ്രയാസമനുഭവിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾക്കാണ് സോനു സൂദ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. കോവിഡിനെത്തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ വിദ്യാഭ്യാസക്രമത്തിൽ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഒരു ദേശീയ മാധ്യമത്തിെൻറ റിപ്പോർട്ടിനെ തുടർന്നാണ് താരം ഇടപെടുന്നത്.
ഇൻറർനെറ്റ്, മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതു കാരണം വയനാട്ടിലെ തിരുനെല്ലിയിലാണ് നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ പ്രയാസം നേരിടുന്നത്. വീടുകളിൽ റേഞ്ചില്ലാത്തതുകാരണം കിലോമീറ്ററുകൾ നടന്ന് പൊതുനിരത്തിലെത്തിയാണ് പലരും ക്ലാസിൽ പങ്കെടുക്കുന്നത്. പ്രദേശത്ത് റേഞ്ച് ലഭ്യമാകുന്ന ഭാഗമായ റോഡിെൻറ ഇരുവശത്തുമിരുന്നാണ് വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ പഠിക്കുന്നത്.
പൂർണമായും വനപ്രദേശമായ മറ്റു ചില മേഖലയിൽ കാടും മേടും കയറി റേഞ്ചുള്ള ഭാഗത്ത് ഒരു താർപായകൊണ്ട് താൽക്കാലിക ഷെഡ് കെട്ടിയാണ് സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിനെത്തുന്നത്. ദിവസവും ഇത്രയും ദൂരം കുന്നുകയറുന്നതിെൻറ പ്രയാസത്തിനു പുറമെ ചുറ്റുമുള്ള വന്യജീവികളെക്കൂടി ഭയന്നു വേണം ഇവിടെയിരുന്ന് ക്ലാസിൽ പങ്കെടുക്കാൻ. നിർധനരായ ഈ നാട്ടുകാർക്ക് ആൻഡ്രോയ്ഡ് ഫോണുകൾ തന്നെ ആലോചിക്കാനാകാത്തതാണ്. അപ്പോഴാണ് ഫോൺ സ്വന്തമായുള്ളവർ തന്നെ കണക്ഷൻ പ്രശ്‌നം നേരിടുന്നത്. ആദിവാസി, ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളാണ് ഈ ഡിജിറ്റൽ വിഭജനത്തിെൻറ പ്രധാന ഇരകൾ.
ഇതോടെയാണ് ട്വിറ്ററിൽ അവിടെ മൊബൈൽ ടവർ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് സോനു സൂദ് എത്തുന്നത്. ''ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല. മൊബൈൽ ടവർ സ്ഥാപിക്കാൻ ഒരു സംഘത്തെ അയക്കുന്ന കാര്യം കേരളത്തിലെ വയനാട്ടിലുള്ള എല്ലാവരോടും പറയുക'' റിപ്പോർട്ടറെ ടാഗ് ചെയ്തുകൊണ്ട് സോനു സൂദ് ട്വീറ്റ് ചെയ്തു.
No one will miss their education.@Itsgopikrishnan tell everyone in Wayanad, Kerala that we are sending a team to get a mobile tower installed. @Karan_Gilhotra let's fasten our seat belts, time for another Mobile Tower. @SoodFoundation 🇮🇳 https://t.co/cqKQlbQZFU
— sonu sood (@SonuSood) June 28, 2021
വിഷത്തിൽ വയനാട് പാർലമെൻറംഗം രാഹുൽ ഗാന്ധിയും ഇടപെട്ടിട്ടുണ്ട്. വയനാട്ടിലെ മലയോര മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദിന് രാഹുൽ ഗാന്ധി കത്തെഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.