കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇന്ത്യയുടെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ ജവാൻ റിലീസ് ചെയ്തത്. തെന്നിന്ത്യയിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഇന്നുവരെ ബോളിവുഡ് കണ്ട ഏറ്റവും വലിയ ഓപണിങ് ആയിരുന്നു അറ്റ്ലി ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിട്ടപ്പോൾ പല റെക്കോർഡുകളും ചിത്രം കടപുഴക്കിയിരിക്കുകയാണ്.
ആദ്യ ദിനം തന്നെ 100 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രമായി 65 കോടിയിലേറെയാണ് വ്യാഴാഴ്ച ജവാൻ നേടിയത്. വെള്ളിയാഴ്ച ഇന്ത്യൻ തിയറ്റുകളിൽ നിന്നുള്ള കളക്ഷൻ അൽപം കുറഞ്ഞെങ്കിലും ശനിയും ഞായറും ഏവരെയും ഞെട്ടിക്കുന്ന പ്രകടനം ചിത്രം കാഴ്ചവെച്ചു. എന്നാൽ, ആഗോളതലത്തിൽ നാല് ദിവസങ്ങളിലും ചിത്രം 100 കോടിയിലേറെ നേടുകയുണ്ടായി.
ആഗോളതലത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമായും ജവാൻ മാറി. ഷാരൂഖ് ഖാൻ നായകനായ പത്താന്റെ റെക്കോർഡാണ് ജവാൻ തകർത്തത്. നാലാം ദിവസമായ ഞായറാഴ്ച ചിത്രം നേടിയത് 150 കോടി രൂപയായിരുന്നു. അഞ്ചാം ദിവസം 126 കോടി നേടിയ പത്താന്റെ റെക്കോർഡാണ് അറ്റ്ലി ചിത്രം തകർത്തത്. അതേസമയം, ബോളിവുഡിൽ ഒരു ദിവസം 100 കോടി കളക്ഷൻ നേടുന്ന ഏക ബോളിവുഡ് താരവും ഷാരൂഖ് ഖാനാണ്.
ലോകമെമ്പാടുമായി വെറും 4 ദിവസം കൊണ്ട് 500 കോടി നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഇപ്പോൾ ജവാൻ. 63 ദശലക്ഷം ഡോളറാണ് (525 കോടി) ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. അത്ഭുതകരമെന്ന് പറയട്ടെ ആഗോള തലത്തിൽ ഹോളിവുഡ് ഹൊറർ ചിത്രമായ ‘ദ നൺ 2’ എന്ന ചിത്രത്തിന് പിറകിൽ രണ്ടാമതാണ് ജവാൻ. 85.3 മില്യൺ ഡോളറാണ് ‘ദ നൺ 2’ ഇതുവരെ നേടിയത്.
ഇന്ത്യയിൽ തന്നെ ഒരു വർഷത്തിൽ രണ്ട് 1000 കോടി കളക്ഷൻ നേടുന്ന സിനിമകളിലെ നായകനാകാൻ പോവുകയാണ് കിങ് ഖാൻ. വെറും നാല് ദിവസങ്ങൾ കൊണ്ട് 500 കോടി പിന്നിട്ട ജവാൻ വരും ദിവസങ്ങളിൽ എളുപ്പം 1000 കോടി കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്കുകൂട്ടുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം പത്താൻ ഈ വർഷം ജനുവരി 25നായിരുന്നു റിലീസ് ചെയ്തത്. ചിത്രം 1000 കോടിയിലേറെയാണ് ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ജവാനും 1000 കോടിയിലേക്ക് കുതിക്കുമ്പോൾ ബോളിവുഡിന്റെ ബാദ്ഷാഹ് താൻ തന്നെയാണെന്ന് ഷാരൂഖ് വീണ്ടും തെളിയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.