'കേരള സ്റ്റോറി' പ്രദർശനം നിർത്തി തമിഴ്നാട്ടിലെ മൾട്ടിപ്ലക്സുകൾ

ചെന്നൈ: വിദ്വേഷ പ്രചാരണവുമായെത്തിയ വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ പ്രദർശനം തമിഴ്നാട്ടിലെ മൾട്ടിപ്ലക്സുകളിൽ നിർത്തി. ചിത്രം കാണാൻ തിയറ്ററുകളിൽ ആളുകളെത്താത്തതും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രദർശനം നിർത്താൻ തമിഴ്നാട് മൾട്ടിപ്ലക്സ് അസോസിയേഷൻ തീരുമാനിച്ചത്. ചിത്രത്തിനെതിരെ നാം തമിഴർ കക്ഷി ഉൾപ്പെടെ പ്രതിഷേധമുയർത്തിയിരുന്നു.

ശനിയാഴ്ച ചെന്നൈ, കോയമ്പത്തൂർ, വെല്ലൂർ, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ സിനിമക്കെതിരെ നാം തമിഴർ കക്ഷി (എൻ.ടി.കെ) പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുസ്ലിംകളെ അപമാനിക്കാനും തീവ്രവാദികളായി മുദ്രകുത്താനും ലക്ഷ്യമിട്ടുള്ളതാണ് സിനിമയെന്ന് നടനും എൻ.ടി.കെ നേതാവുമായ സെന്തമിഴൻ സീമൻ പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കുള്ളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.


പുതുച്ചേരിയിൽ സിനിമ പ്രദർശിപ്പിക്കുന്നതിനിടെ എൻ.ടി.കെ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനൊപ്പം, സിനിമ കാണാൻ ആളുകളെത്താത്തതും പ്രദർശനം നിർത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് തിയറ്റർ ഉടമകളിലൊരാൾ പറഞ്ഞു. സിനിമയോട് സർക്കാറിനുള്ള താൽപര്യക്കുറവും തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള താൽപര്യക്കുറവും പ്രദർശനം നിർത്തിവെക്കുന്നതിന് പിന്നിലുണ്ടെന്ന് ഒരു ചലച്ചിത്ര നിരീക്ഷൻ ചൂണ്ടിക്കാട്ടുന്നു.

മേയ് അഞ്ചിനാണ് 'ദ കേരള സ്റ്റോറി' റിലീസ് ചെയ്തത്. കേരളത്തിൽ നിന്നും പെൺകുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് ചേർക്കുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 32,000 സ്ത്രീകളെ ഇത്തരത്തിൽ സിറിയയിലേക്ക് കൊണ്ടുപോയതായാണ് ചിത്രത്തിന്‍റെ ട്രെയിലറിൽ പറഞ്ഞിരുന്നത്. എന്നാൽ, പ്രതിഷേധങ്ങളെ തുടർന്ന് ഇത് 'മൂന്ന് പെൺകുട്ടികളുടെ കഥ' എന്ന് തിരുത്തേണ്ടിവന്നിരുന്നു. 

Tags:    
News Summary - Tamil Nadu multiplex owners halt all screenings of The Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.