കൽപ്പറ്റ: 1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് തലൈവാസല്‍ വിജയ്.
1921 പുഴ മുതല്‍ പുഴ വരെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ 'വാരിയംകുന്നനെ' പ്രഖ്യാപിച്ചത്. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റെതെന്ന് തലൈവാസൽ വിജയ് പറഞ്ഞു. 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില കഥാപാത്രങ്ങൾ ചെയ്യാൻ നമുക്ക് ആവേശം തോന്നും. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു.
സിനിമ നിർമിക്കാനായി പണം ആവശ്യപ്പെട്ട് നിരവധി തവണ സോഷ്യൽ മീഡിയിൽ അലി അക്ബർ ലൈവിൽ വന്നിരുന്നു. സിനിമ ചിത്രീകരണത്തിെനന്ന പേരിൽ വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍ നിർമ്മിക്കുന്നുവെന്ന അലി അക്ബറിന്‍റെ പോസ്റ്റ് ട്രോളുകളാൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.