ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാര്‍’ ചിത്രീകരണം ആരംഭിച്ചു. കടമറ്റത്ത് കത്തനാറുടെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ്. ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ‘കത്തനാർ, ദ വൈൽഡ് സോർസറർ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കത്തനാര്‍ നിർമ്മിക്കുന്നത്. ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റോജിൻ തോമസ്സാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിതെന്നും 200 ദിവസത്തെ ചിത്രീകരണമാണ് സിനിമക്ക് വേണ്ടി വരുന്നതെന്നും സംവിധായകനായ റോജിൻ തോമസ് പറഞ്ഞു.
ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, നീൽ ഡി കുഞ്ഞ. രാജീവൻ, ഉത്തരാ മേനോൻ, എന്നിവർ പങ്കെടുത്തു.
36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള കൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളോർ ആയിരിക്കും കത്തനാറിനു വേണ്ടി ഇവിടെ ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടം ഉപയോഗിക്കും. ഒരുപാട് ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും ആർട്ടിസ്റ്റിനും, ടെക്‌നിഷ്യമാർക്കും താമസിക്കാനുള്ള മുറികളും ഇവിടെ ഉണ്ടാകും.
മൂന്ന് വർഷമായി കത്തനാരുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനുവേണ്ടി വരുന്നതെന്ന് സംവിധായകൻ പറയുന്നു. ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ചിത്രം ഒരുക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്.
കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. കഴിഞ്ഞ 2 മാസമായി ഇവർ ഇവിടെ പരിശീലനം നടത്തിപ്പോരുന്നു. നിരവധി വിദേശ ചിത്രങ്ങൾക്കു വേണ്ടി ആക്ഷൻ ഒരുക്കിയിട്ടുണ്ട് ജെ. ജെ. പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.