ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിന് തളിപ്പറമ്പില്‍ തിങ്കളാഴ്ച തിരിതെളിയും

കോഴിക്കോട് : സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് മൊട്ടമ്മള്‍ മാളിലെ രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ മുതിര്‍ന്ന നടന്‍ രാഘവനെ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദരിക്കും. ചടങ്ങിനുശേഷം ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം ലഭിച്ച 'ട്രയാംഗിള്‍ ഓഫ് സാഡ്‌നെസ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ആന്തൂര്‍ നഗരസഭാ ചെയര്‍മാനും ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയര്‍മാനുമായ പി.മുകുന്ദന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.

ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശനം തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍ തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ആമുഖഭാഷണം നടത്തും. സെക്രട്ടി സി.അജോയ് സ്വാഗതം ആശംസിക്കും. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണങ്ങള പരിചയപ്പെടുത്തി സംസാരിക്കും.

തളിപ്പറമ്പ ആലിങ്കീല്‍ പാരഡൈസ്, ക്‌ളാസിക് ക്രൗണ്‍, മൊട്ടമ്മല്‍ മാള്‍ എന്നീ തീയേറ്ററുകളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 27ാമത് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം നേടിയ 'ഉതമ' ,രജത ചകോരം നേടിയ 'ആലം', മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് - ഫിപ്രസി പുരസ്‌കാരങ്ങള്‍ നേടിയ 'അവര്‍ ഹോം', മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക് പുരസ്‌കാരം കരസ്ഥമാക്കിയ 'അറിയിപ്പ'്, നവാഗത സംവിധാനത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ '19(1)A' എന്നീ ചിത്രങ്ങള്‍ മേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .

പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ഓഫ് ലൈന്‍ രജിസ്‌ട്രേഷന് തളിപ്പറമ്പ് മൊട്ടമ്മല്‍ മാളിലെ ഡെലിഗേറ്റ് സെല്ലില്‍ ബന്ധപ്പെടേണ്ടതാണ്.

Tags:    
News Summary - The Happiness Film Festival will kick off at Thaliparam on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.