കഥ പറച്ചിലിന്‍റെ മജീഷ്യൻ

കഥയെഴുത്തുകാരനെക്കാളുപരി കഥ പറച്ചിലുകാരനായിരുന്നു ജോണങ്കിളെന്ന ജോൺ പോൾ. മലയാള സിനിമയിൽ അതുവരെയുള്ള തിരക്കഥാകൃത്തുക്കളെ നോക്കിയാൽ നാടകരംഗത്തുനിന്ന് വന്നവരോ സാഹിത്യകാരന്മാരോ ഒക്കെയായിരുന്നു. എന്നാൽ, അവരിൽനിന്ന് വ്യത്യസ്തനായിരുന്നു ജോൺ പോൾ. ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ മാത്രം എഴുതിയിരുന്ന ഒരാൾ എന്ന് പറയാം. എന്നാൽ, വളരെ പെട്ടെന്ന് സാധാരണ പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിച്ച മധ്യവർത്തി സിനിമയുടെ പ്രമുഖ എഴുത്തുകാരനായി അദ്ദേഹം മാറി.

സംവിധായകനോട് ഓരോ തവണ പറയുമ്പോഴും പുതിയ മാനങ്ങളായിരുന്നു കഥക്ക്. സ്ക്രീനിൽ സിനിമ കാണുന്നതുപോലെയാണ് അവതരണം. ആദ്യകാലത്ത് എനിക്ക് ആ കഥ പറച്ചിൽ അത്ഭുതംതന്നെയായിരുന്നു. ഞാൻ അസോസിയേറ്റായിരുന്ന കാലത്തൊക്കെ അദ്ദേഹത്തോടൊപ്പം ഇരിക്കുമായിരുന്നു. ഒരു വരിയിൽ തുടങ്ങുന്ന കഥ ഒരു സാഗരമായൊഴുകുന്നത് കേട്ടിരിക്കുന്നതുതന്നെ ആവേശമായിരുന്നു. ഒപ്പമുള്ളവരോട് കഥ പറയുമ്പോൾ വാക്കുകൾ പ്രവഹിക്കുകയാണെന്നു തോന്നും. അത് അസാധാരണ സിദ്ധിയായിരുന്നു. ജോൺ പോൾ തിരക്കഥ എഴുതാത്ത സിനിമകളാണെങ്കിൽകൂടിയും ഭരതേട്ടനടക്കം അദ്ദേഹത്തെ വിളിക്കും. ''ജോണേ, ഈ കഥ ഒന്നുപറഞ്ഞേ'' എന്നുപറഞ്ഞ് അവർ കേൾക്കാനിരിക്കും. സംവിധായകരെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ കഥ പറച്ചിൽ വലിയ സഹായമായിരുന്നു. 'ചാമരം' സിനിമയോടെയാണ് അദ്ദേഹം വളരെ തിരക്കുള്ള തിരക്കഥാകൃത്തായി മാറുന്നത്. സാധാരണജീവിതങ്ങളെ ഭാവുകത്വത്തോടെയാണ് അവതരിപ്പിച്ചത്. വ്യത്യസ്ത ഭൂമികകളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ കഥയുടെ വേരോട്ടം. സിനിമയിൽ അന്നുവരെ പരിചിതമല്ലാത്ത കഥാമുഹൂർത്തങ്ങളെ അദ്ദേഹം തുറന്നുകാട്ടി. തന്നെതന്നെ ആവർത്തിക്കാത്ത എഴുത്തുകാരനായിരുന്നു ജോൺ പോൾ. അങ്ങനെയൊരാൾ അദ്ദേഹം മാത്രമായിരുന്നെന്നതാണ് സത്യം. ഏതുസംവിധായകന്‍റെ കൂടെയും അവരോടൊപ്പം സഞ്ചരിക്കുന്ന മനസ്സായിരുന്നു.

44 വർഷത്തെ അഗാധമായ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. ഞാൻ തുടക്കക്കാരനായിരുന്ന സമയത്ത് പല നിർമാതാക്കളോടും എന്നെക്കുറിച്ച് അദ്ദേഹം പറയുകയും ശിപാർശ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനത്തെ തിരക്കഥ 'പ്രണയമീനുകളുടെ കടൽ' എന്‍റെ സിനിമയായിരുന്നു. അവസാന സമയം ആശുപത്രിയിൽ എത്തി കണ്ടിരുന്നു.

അധികനേരം സംസാരിച്ചു. ഏകാന്തത ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന ആളായിരുന്നെങ്കിലും ആശുപത്രിക്കിടക്ക പലതും പലരെയും ഓർമിക്കാനുള്ള ഇടങ്ങളായിരുന്നെന്നും അന്നദ്ദേഹം പറഞ്ഞു. ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നത്. കമലേ എന്ന് ഒരുതവണപോലും എന്നെ അദ്ദേഹം വിളിച്ചതായി ഓർക്കുന്നില്ല. പകരം മോനേ എന്നാണ് സംബോധന. വ്യക്തിപരമായും മലയാള സിനിമക്കും ഒരു ഗുരുസ്ഥാനീയനെകൂടിയാണ് ജോണങ്കിളിന്‍റെ വേർപാടിലൂടെ നഷ്ടമാകുന്നത്.   

Tags:    
News Summary - The magician of storytelling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.