കങ്കണ റണാവത്ത് ചിത്രം 'എമർജൻസി'യുടെ റിലീസ് ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയിൽ

ഹൈദരാബാദ്: ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് നായികയെത്തുന്ന ചിത്രം എമർജൻസിയുടെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമാതാക്കൾ ബോംബെ ഹൈകോടതിയെ സമീപിച്ചു. ചിത്രത്തിന്‍റെ സഹനിർമാതാക്കളായ സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസാണ് കോടതിയെ സമീപിച്ചത്.

സെൻസർ ബോർഡ് സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ജസ്റ്റിസുമാരായ ബി.പി കൊളബാവല്ല, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹരജി അടിയന്തരമായി പരിഗണിക്കുന്നത്. ഹരജി കോടതി പിന്നീട് പരിഗണിക്കും.

സെപ്തംബർ ആറിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. തുടർന്ന് ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.

സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവെച്ചിരുന്നു.

റിലീസ് വൈകുന്നതിൽ പ്രതികരണവുമായി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. തന്‍റെ സിനിമക്കും അവർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇത് വളരെ നിരാശാജനകമായ അവസ്ഥയാണ്. കങ്കണ പറഞ്ഞു.

Tags:    
News Summary - The makers of Kangana Ranaut's film 'Emergency' are in court demanding the release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.