1964 ഒക്ടോബർ 31. അന്ന് കെ.പി.എ.സിയുടെ നാടകവണ്ടി മദിരാശിയിലായിരുന്നു. മൊബൈൽ ഫോൺ മാത്രമല്ല, ലാൻഡ് ഫോൺ പോലും പരിമിതപ്പെട്ട കാലം. നാടക സ്ഥലത്ത് എത്തുന്നതിനുമുമ്പായി വണ്ടി ഒരു ടൗണിൽ നിർത്തിയപ്പോഴാണ് ആ ദു:ഖവാർത്ത നാടകസംഘത്തെ തേടിയെത്തിയത്.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു..! 2013ൽ പയ്യന്നൂരിൽ എതിർദിശ ഏർപ്പെടുത്തിയ ഷേണായി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ സൗഹൃദ സംഭാഷണത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് നാടകസംഘത്തിലുണ്ടാക്കിയ വേദനകളും കടുത്ത ഭിന്നതയും കെ.പി.എ.സി ലളിത പങ്കുവെച്ചത്.
പാട്ടും റിഹേഴ്സലുമൊക്കെയായി സജീവമായിരുന്ന വണ്ടി ഉടൻ മൗനത്തിലേക്ക് വഴുതിവീണതായി ലളിത ഓർത്തു. പിന്നീട് ആരും ഒന്നും സംസാരിച്ചില്ല. വണ്ടിയിൽ മരണവീടിന്റെ പ്രതീതി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നാടകസംഘം എവിടെ നിൽക്കണം എന്നതിനപ്പുറം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഏറെ വിഷമത്തിലായിരുന്നു ടീം ലീഡർ തോപ്പിൽ ഭാസി ഉൾപ്പെടെയുള്ളവരെന്ന് ലളിത പറഞ്ഞു.
1964 സെപ്റ്റംബർ നാലിനാണ് ലളിത നാടക ടീമിലെത്തുന്നത്. രണ്ടുമാസത്തെ പരിചയമേ ഉള്ളൂവെങ്കിലും പിളർപ്പ് നാടകസംഘത്തിലുണ്ടാക്കിയ വിള്ളൽ ചെറുതായിരുന്നില്ലെന്ന് അവർ ഓർക്കുന്നു. എല്ലാവരും രാഷ്ട്രീയത്തിൽ സജീവ സ്ഥാനമുള്ളവരായിരുന്നു. കെ.പി.എ.സിയുടെ ഇടം എവിടെയെന്നതിൽ തികഞ്ഞ ആശങ്ക. മാതൃസംഘടനയിൽ നിൽക്കുമ്പോൾ തന്നെ പാർട്ടിയിലെ ബൗദ്ധിക സാന്നിധ്യമായ ഇ.എം.എസും ജനകീയ മുഖമായ എ.കെ.ജിയുമുൾപ്പെടെയുള്ളവർ മറുപക്ഷത്താണെന്നത് സംഘത്തിലെ എല്ലാവരെയും ഏറെ വേദനിപ്പിച്ചതായി അവർ പറഞ്ഞു.
ഏറെനേരം പയ്യന്നൂരിൽ ചെലവഴിച്ച ശേഷമാണ് ലളിത അവാർഡ് സ്വീകരിച്ച് തിരിച്ചുപോയത്. താരപ്പൊലിമയുടെ ജാടകളില്ലാതെ നാട്ടുകാരിലൊരാളായി ഇരുത്തംവന്ന അമ്മയായി അവർ പയ്യന്നൂരിന്റെ ഹൃദയത്തിൽ ആദരവ് നിറച്ചുവെച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്.
സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും ജനകീയനുമായ എൻ. സുബ്രഹ്മണ്യ ഷേണായിയുടെ പേരിലുള്ള അവാർഡ് നിറഞ്ഞ സന്തോഷത്തോടെയും ആത്മാഭിമാനത്തോടെയുമാണ് സ്വീകരിക്കുന്നതെന്ന് അവർ മറുപടിപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് അവാർഡ് കെ.പി.എ.സി. ലളിതക്ക് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.