ചെന്നൈ: 95ാമത് ഓസ്‌കർ പുരസ്‌കാരങ്ങളിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെന്‍ററിയാണ് 'ദി എലിഫന്റ് വിസ്പറേഴ്സ്' മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമാണ് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലിഫന്റ് വിസ്പറേഴ്സ്’ സ്വന്തമാക്കിയത്.
അനാഥരായ ആനക്കുട്ടികളെ വളർത്തുന്ന ബൊമ്മൻ -ബെള്ളി ദമ്പതികളുടെ കഥയാണ് ഡോക്യുമെന്‍ററി പറയുന്നത്. ഇപ്പോഴിതാ ഓസ്‌കർ പുരസ്‌കാരം പിടിച്ചുനിൽക്കുന്ന ബൊമ്മന്റെയും ബെള്ളിയുടെയും ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സംവിധായിക കാർത്തികി ഗോൺസാൽവസാണ് ഇരുവരുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
'നമ്മൾ വേർപിരിഞ്ഞിട്ട് നീണ്ട നാല് മാസമായി, നിങ്ങളെ കാണുമ്പോൾ ഞാൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പോലെയാണ് തോന്നുന്നത്' എന്ന കാപ്ഷനോടെയാണ് ഇരുവരും നിറഞ്ഞു ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി.
ബൊമ്മന്റെയും ബെല്ലിയുടെയും ആ ചിരി വിലമതിക്കാനാവാത്തതാണെന്നായിരുന്നു ഒരാളുടെ കമന്റ്.'എക്കാലത്തെയും പ്രിയപ്പെട്ട ഓസ്‌കർ ചിത്രം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഡോക്യുമെന്ററിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ ആനക്കുട്ടികളായ രഘുവിനും അമ്മുവിനുമൊപ്പം ഓസ്‌കറുമായുള്ള ഫോട്ടോ കണ്ടിരുന്നെങ്കിൽ എന്നൊരാൾ കമന്റു ചെയ്തു.
തിങ്കളാഴ്ചയാണ് ഓസ്കറിന്‍റെ തിളക്കവുമായി കാര്‍ത്തികി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. പുരസ്കാര നേട്ടത്തില്‍ സംവിധായികയെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരു കോടി രൂപയുടെ ചെക്ക് കാര്‍ത്തികിക്ക് സമ്മാനിച്ചു.
തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ -ബെള്ളി ദമ്പതികളുടെ ജീവിതമാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’ പറയുന്നത്. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെള്ളിയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു.
40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്‍ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ലോക പ്രീമിയര്‍. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ചുറ്റുപാടുകളെയും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ദി എലിഫന്‍റ് വിസപ്റേഴ്സ്.
‘ഞാൻ വളർന്നത് ഇതേ സ്ഥലത്താണ്. ഊട്ടിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് രഘുവും ബൊമ്മനും ശ്രദ്ധയിൽപെടുന്നത്. എന്റെ ആകാംക്ഷ കണ്ടിട്ടാകണം, അവർക്കൊപ്പം ചെല്ലാൻ ക്ഷണിച്ചു. കാർ നിർത്തി അവർക്കൊപ്പം നടന്നു. കുളിക്കാനായി പുഴയിലേക്കുള്ള നടത്തമായിരുന്നു ഇരുവരുടേതും. മൂന്നുവയസ്സു മുതൽ ഞാൻ ദേശീയ സങ്കേതം സന്ദർശിക്കാറുണ്ട്. എന്നാൽ, ഇത്തരമൊരു അനുഭവം ആദ്യത്തേതായിരുന്നു. മുമ്പൊരിക്കലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അത്തരമൊരു ബന്ധം കണ്ടിട്ടില്ല. ബൊമ്മന് രഘു ഒരു മകനെപ്പോലെ, അല്ലെങ്കിൽ അതിലും മുകളിലുള്ള ഒരു ആത്മബന്ധമായിരുന്നു. രഘു ബൊമ്മന്റെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്ന സമയങ്ങളുണ്ടായിരുന്നു, അല്ലാത്തതും. കൊച്ചുകുട്ടിയായിരിക്കുമ്പോൾതന്നെ ആരുമില്ലാതായെന്ന ഭയത്തിൽനിന്നാണ് അതുണ്ടാകുന്നതെന്ന് ഞാൻ കരുതുന്നു. അവരെ കൂടുതൽ അറിഞ്ഞതോടെ ആ കഥ ലോകത്തെ അറിയിക്കാനുള്ള ശ്രമവും തുടങ്ങി’-ബൊമ്മന്റെയും ബെള്ളിയുടെയും രഘുവിന്റെയും കഥ ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ തുടക്കത്തെക്കുറിച്ച് കാർത്തികി ഗോൺസാൽവസ് പറയുന്നതിങ്ങനെ.
2017ൽ തുടങ്ങിയ ദൗത്യമായിരുന്നു കാർത്തികി ഗോൺസാൽവസിന്റേത്. രണ്ടു വർഷത്തോളം തെപ്പക്കാട് ആനപരിശീലനകേന്ദ്രത്തിൽ താമസിച്ച് കാർത്തികി അവിടത്തെ ജീവിതവും അനുഭവങ്ങളും പഠിച്ചു. വനം, പരിസ്ഥിതി, പശ്ചിമഘട്ടം തുടങ്ങിയവയാണ് കാർത്തികിയുടെ ഇഷ്ടവിഷയം. കാർത്തികിയുടെ അമ്മ പ്രിസില്ല ഗോൺസാൽവസാണ് ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മുതുമലയുടെ വന്യതയും രണ്ടു മനുഷ്യരുടെയും അവർ വളർത്തി വലുതാക്കിയ ‘വലിയ മക്കളുടെ’യും ജീവിതമാണ് ‘ദ എലിഫന്റ് വിസ്പറേഴ്സ്’. കാടിനെ ആസ്വദിക്കുന്നവർക്ക് കണ്ണിമവെട്ടാതെ ഓരോ ദൃശ്യവും കണ്ടിരിക്കാനാകും. കാടിന്റെ പച്ചപ്പിനൊപ്പം ഇഴുകിച്ചേർന്ന മനുഷ്യരും മൃഗങ്ങളുമെല്ലാം ഈ ഡോക്യുമെന്ററിലൂടെ കാണാം.
വന്യജീവി ഫോട്ടോഗ്രാഫർകൂടിയാണ് കാർത്തികി ഗോൺസാൽവസ്. 1986ൽ ഊട്ടിയിലാണ് ജനനം. തിമോത്തി എ. ഗോൺസാൽവസ് ആണ് പിതാവ്. പഠനത്തിനുശേഷം കാടിനെ അറിയാനുള്ള യാത്ര തുടങ്ങി. നിലവിൽ മുംബൈയിലാണ് താമസം. ആനിമൽ പ്ലാനറ്റ്, ഡിസ്കവറി ചാനലുകളുടെ കാമറ ഓപറേറ്റർകൂടിയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.