മലയാളികളെന്നും ഭയത്തോടെ ഓർക്കുന്ന ഒരേടാണ് പ്രളയകാലം. പ്രളയ ദുരിതത്തിനിടെ സ്വന്തം ജീവൻപോലും പണയം വെച്ച് സഹായ ഹസ്തങ്ങളുമായി രംഗത്തുവന്നവർ ഏറെയുണ്ട്. സിനിമാ താരങ്ങളടങ്ങുന്ന സെലിബ്രിറ്റികളും അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. പ്രളയകാലത്തെ കുറിച്ച് ഓർക്കുമ്പോൾ മറക്കാൻ കഴിയാത്ത ഒരാൾ ടൊവിനോ തോമസാണ്. തന്റെ നാടായ ഇരിങ്ങാലക്കുടയിൽ താരം ചെയ്ത സന്നദ്ധപ്രവർത്തനങ്ങൾ ഏറെയാണ്.
എന്നാൽ, അതിന്റെ പേരിൽ നടൻ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. പ്രളയം സ്റ്റാർ എന്ന് വിളിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിൽ ടൊവിനോയെ പരിഹസിച്ചിരുന്നത്. കൂടാതെ, നടന്റെ സിനിമകൾ വരുമ്പോൾ കേരളത്തിൽ എന്തെങ്കിലും പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന തരത്തിലും പ്രചാരണങ്ങൾ വന്നു.
അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരമിപ്പോൾ. ജൂഡ് ആന്തണി ജോസഫിന്റെ പ്രളയം പ്രമേയമാക്കിയുള്ള ‘2018 എവരിവൺ എ ഹീറോ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടൊവിനോ.
"കേരളത്തിൽ എല്ലാവരും ഇനിയെന്ത് എന്നാലോചിച്ച് നിന്ന സമയമായിരുന്നു പ്രളയകാലം. മഴ നിന്ന്, എല്ലാം ഇത്ര പെട്ടെന്ന് പഴയ സ്ഥിതിയിലാകുമെന്ന് ആരും കരുതിയതല്ല. ആ സമയത്ത്, രണ്ടാഴ്ച കൂടി മഴ പെയ്താൽ മുങ്ങിപ്പോകുമെന്നാണ് നമ്മളെല്ലാം വിചാരിച്ചത്. ചാവാൻ നിൽക്കുന്ന നേരത്ത് ആരെങ്കിലും പി.ആറിനെ കുറിച്ച് ചിന്തിക്കുമോ? ഞാൻ എന്തായാലും ചിന്തിക്കില്ല. അതിനുള്ള ബുദ്ധിയോ ദീർഘവീഷണമോ ഒന്നും എനിക്കില്ല. ആ സമയത്ത് ചെയ്ത കാര്യങ്ങളൊക്കെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ആദ്യമൊക്കെ സോഷ്യൽമീഡിയയിൽ നല്ല കാര്യങ്ങളാണ് എല്ലാവരും പറഞ്ഞത്. പിന്നീട് വിമർശനങ്ങൾ വരാൻ തുടങ്ങി. പ്രളയം സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത് ഒരുപാട് വേദനിപ്പിച്ചു. ചെയ്തത് പി.ആർ വർക്കൊക്കെ ആണെന്നായിരുന്നു വിമർശനം
‘ആരാണ് ഇതൊക്കെ പറഞ്ഞുനടക്കുന്നത് എന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിന് ആപത്താണ്, ഞാനൊരു ദുഃശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നൊക്കെ പറയുന്നുണ്ട്. ആദ്യമൊക്കെ ഞാനും ഒരു തമാശയായി അത് എന്‍ജോയ് ചെയ്തിരുന്നു. പിന്നെ അത് സീരിയസായി. എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ല. ഇനി പ്രളയമുണ്ടായാൽ സഹായത്തിനിറങ്ങണോ വേണ്ടയോ എന്ന് പോലും അറിയില്ല". -ടൊവിനോ പറഞ്ഞു.
അതേസമയം, വലിയ ബജറ്റിലൊരുങ്ങുന്ന 2018-ൽ കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, അപർണ ബാലമുരളി, ഗൗതമി നായർ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കർ എന്നിങ്ങനെ വലിയ താരനിരയാണ് ഒരുമിക്കുന്നത്. വേണു കുന്നപ്പള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജൂഡ് ആന്തണിയും അഖിൽ പി. ധർമജനും ചേർന്നാണ് എഴുതിയിരിക്കുന്നത്.
നോബിൻ പോൾ സംഗീതവും അഖിൽ ജോർജ് കാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചിത്രം ഏപ്രിൽ 21ന് റിലീസ് ചെയ്യും. ‘പ്രളയം സ്റ്റാർ’ എന്ന വിളി ഏറെ വിശമിപ്പിച്ചു; ഞാനെന്ത് തെറ്റാണ് ചെയ്തത് -മനസ് തുറന്ന് ടൊവിനോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.