ചെന്നൈ: തെന്നിന്ത്യൻ നടി തൃഷയെ കുറിച്ച് വിവാദ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലിഖാൻ മാപ്പു പറഞ്ഞിരുന്നു. തൃഷക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മൻസൂർ അലിഖാൻ വാർത്ത കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.
നിരവധി പേരാണ് മൻസൂർ അലിഖാനെതിരെ വിമർശനവുമായി എത്തിയത്. അടുത്തിടെ റിലീസായ ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാൻ വിവാദ പരാമർശം നടത്തിയത്. ഖുശ്ബു, റോജ എന്നീ നടിമാരെ കുറിച്ചും ഇയാൾ മോശം പരാമർശനം നടത്തുകയും ചെയ്തു.
അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതികരിച്ചു.
ലിയോ സംവിധായകൻ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ, ഗായിക ചിന്മയി, നടി മാളവിക മോഹനൻ തുടങ്ങിയവർ പരാമർശത്തെ എതിർത്തു രംഗത്തെത്തി. വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ മൻസൂർ അലിഖാൻ മാപ്പ് പറഞ്ഞതോടെ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചിരിക്കുകയാണ് തൃഷ.
തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണെന്നും മാപ്പ് നൽകുന്നത് ദൈവികവുമാണെന്നുമായിരുന്നു തൃഷ കുറിച്ചത്. പോസ്റ്റിൽ മൻസൂർ അലിഖാനെ തൃഷ നേരിട്ട് പരാമർശിച്ചിട്ടില്ല.
തൃഷയുടെ പോസ്റ്റിൽ നിരവധിപേരാണു കമന്റ് ചെയ്തിരിക്കുന്നത്. ബഹുമാനം തോന്നുന്നെന്നും കരുത്തയായിരിക്കൂ എന്നും തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.