തിയറ്ററുകൾ ആഘോഷമാക്കുകയാണ് മമ്മൂട്ടി ചിത്രം ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കന്നഡ താരം രാജ് ബി. ഷെട്ടിയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഒരു ഇടവേളക്ക് ശേഷമെത്തുന്ന മെഗാസ്റ്റാറിന്റെ ആക്ഷൻ ചിത്രമാണിത്.
തിയറ്ററുകളിലെത്തിയ ടർബോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് പ്രേക്ഷകരുടെ ഇടയിലെ ചർച്ചാ വിഷയം. മെഗാസ്റ്റാർ ചിത്രത്തിനായി വിയ്റ്റ്‌നാം ഫൈറ്റേഴ്‌സാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങൾ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് ഉഗ്രൻ വിരുന്നാണ് ചിത്രം.
മികച്ച ഓപ്പണിങ്ങോടെയാണ് ടർബോയുടെ തുടക്കം. ടിക്കറ്റ് വിൽപനയിൽ രണ്ടാം സ്ഥാനത്തായിരുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 6 .1 കോടിയാണ്. സ്കാനിൽക്ക് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങാണിത്. ഇതോടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കളക്ഷനാണ് മമ്മൂട്ടി ചിത്രം തകർത്തിരിക്കുന്നത്. സോളേ റിലീസായിട്ടായിരുന്നു ടർബോ തിയറ്ററുകളിൽ എത്തിയത്.
5.85 കോടിയാണ് മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനം സമാഹരിച്ചത്. തൊട്ടുപിന്നിൽ പൃഥ്വിരാജ് ചിത്രം ആടു ജീവിതമായിരുന്നു. ഐ.എംഡി.ബിയുടെ റിപ്പോർട്ട് പ്രകാരം 5.83 കോടിയാണ് ചിത്രം നേടിയത്. അഞ്ച് കോടിയിലധികം ഓപ്പണിങ് നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ടർബോ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. ദുൽഖറിന്റെ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് തിയറ്ററുകളിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.